രാജ്യത്ത് കൊവിഡ് മരണം 27 ആയി; അഹമ്മദാബാദിലും ശ്രീനഗറിലും രണ്ടുപേര്‍കൂടി മരിച്ചു

കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ടുപേര്‍കൂടി മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ 45കാരനും ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുമാണ് മരിച്ചത്. ഇതോടെ ഗുജറാത്തില്‍ കൊവിഡ് ബാധിത മരണം അഞ്ചും ജമ്മു കശ്മീരില്‍ രണ്ടുമായി. അതിനിടെ, രാജസ്ഥാനില്‍ 25 പുതിയ കൊവിഡ് ബാധിത കേസുകള്‍ കൂടി കണ്ടെത്തി. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകള്‍ 25 ആയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42 ആയി. ഇവിടെ ഒരാള്‍ മരിച്ചപ്പോള്‍ രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

രാജ്യത്ത് കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 27 പേര്‍ മരിച്ചതായാണ് വിവരം. ലോക്ഡൗണിന്റെ അഞ്ചാം ദിവസമെത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 പിന്നിട്ടിട്ടുണ്ട്. ഇതില്‍ 47 പേര്‍ വിദേശികളാണ്. 80 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. തൊഴില്‍ ലഭ്യമല്ലാതായതിനെ തുടര്‍ന്ന് ഡല്‍ഹി, നോയിഡ, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്ന് കൂട്ടപ്പലായനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം, അഭയകേന്ദ്രം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.