പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവം ആസൂത്രിതമെന്ന് മന്ത്രി പി തിലോത്തമന്‍

ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവം ആസൂത്രിതമെന്നു മന്ത്രി പി തിലോത്തമന്‍. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് തിരിച്ചു പോകാന്‍ സൗകര്യം വേണമെന്നതാണ്. അതിനു സാധിക്കില്ലെന്നു കലക്ടറും ജില്ലാ പൊലീസ് മേധാവിയും അവരോട് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിന് ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥരെ ഉടന്‍ അയക്കുമെന്നും മന്ത്രി പറഞ്ഞു

തൊഴിലാളികളുടെ രുചിക്ക് അനുസരിച്ച് ഭക്ഷണം നല്‍കണമെങ്കില്‍ അതും ചെയ്തു നല്‍കുമെന്നു മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

250 വീടുകളിലായി ഏകദേശം 3500 ഓളം പേര്‍ അവിടെയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തഹസില്‍ദാറും കലക്ടറും നേരിട്ടു സന്ദര്‍ശിച്ച് അവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും ഒരു പരാതിയും പറഞ്ഞിരുന്നില്ല. എന്നാല്‍ ഞായറാഴ്ച പെട്ടെന്ന് അവര്‍ സംഘടിച്ചത് ആസൂത്രിതമായിട്ടാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാനതൊഴിലാളികളെ നാട്ടിലേക്ക് അയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ അറിയിച്ചു. ഇപ്പോള്‍ യാത്ര ചെയ്യുന്നത് കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.