സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിന് സമീപം ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി ബി.ജെ.പി

തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ താമസിപ്പിച്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിന് സമീപത്തെ റെയില്‍വേ കോളനിയില്‍ ഭരണഘടനാവിരുദ്ധമായി ശുദ്ധികലശം നടത്തി ബി.ജെ.പി സെക്രട്ടറി വിക്രം ബിദുരി. കൊവിഡ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി നേതാക്കളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബിദുരിയുടെ ഈ നടപടി.

ദേശദ്രോഹ, മാനുഷിക വിരുദ്ധ ഘടകങ്ങള്‍ ശുദ്ധീകരിക്കുന്നതിനാണ് ഇപ്രകാരം ചെയ്തതെന്ന് ബിദുരി പറഞ്ഞു. പ്രദേശത്തെ പോസ്‌റ്റോഫീസ്, ക്ഷേത്രം, ഡിസ്‌പെന്‍സറി, ഗുരുദ്വാര എന്നിവടങ്ങളില്‍ ഗംഗാജലവും സാനിറ്റൈസറും തളിച്ചു.കോളനിക്ക് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ സാനിറ്റൈസറും ഗംഗാജലവും ഉപയോഗിച്ചുള്ള ആചാരങ്ങളും കലാപരിപാടികളും നടന്നു.

ദക്ഷിണ ഡല്‍ഹി ബി.ജെ.പി എം.പി രമേശ് ബിദുരിയുടെ അനന്തരവനാണ് വിക്രം ബിദുരി. 2015, 2020 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നെങ്കിലും രണ്ടുതവണയും പരാജയപ്പെട്ടു.