ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മരുന്ന് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്ന് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്. മരുന്ന് കയറ്റുമതി നിരോധിച്ചത് ഇന്ത്യ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച്് മരുന്ന് കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ല, എന്നാല്‍ അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള യുഎസ് ആവശ്യങ്ങള്‍ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചത്. ഇത് പ്രകാരം 24 മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്നോണമാണ് ഇത് ചെയ്തത്. എന്നാല്‍ യു എസ് ശക്തമായ സമ്മര്‍ദവുമായി രംഗത്തെത്തുകയായിരുന്നു.