കൊവിഡ് 19: സംസ്ഥാനത്ത് ഒന്‍പത് പേര്‍ കൂടി രോഗബധിതർ; ലോക് ഡൗൺ പിൻവലിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധ സമിതി സമർപ്പിച്ചു 

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍ഗോഡ്, 3 പേര്‍ കണ്ണൂര്‍, കൊല്ലം മലപ്പുറം ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

12 പേരുടെ രോഗം ഭേദമായി. കണ്ണൂര്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് നാല് പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. ആകെ 336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 263 ചികിത്സയിലുണ്ട്. സംസഥാനത്ത് ആകെ 146686 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 145934 പേര്‍ വീടുകളിലും. 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11232 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 10250 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച വിദഗ്ധ സമിതയുടെ റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന് കൈമാറും. സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ഇന്ന് നേരിയ കുറവുണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഭക്ഷ്യ സ്‌റ്റോക്കില്‍ കുറവില്ല. എന്നാല്‍ ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്‌റ്റോക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പങ്ങള്‍ക്ക് വിപണി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് കൃഷി വകുപ്പ് കര്‍ഷകര്‍ക്കായി വിപണി തുറക്കുമെന്നും കര്‍ഷകര്‍ അത് പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കര്‍ണാടക അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് കര്‍ണാടകാ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം സംസഥാനത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ.സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ മാസം 15ന് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍, എങ്ങനെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്. ഏപ്രില്‍ 15 മുതല്‍ മൂന്ന ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് സമിതി ശിപാര്‍ശ. സമിതി നിര്‍ദ്ദേശങ്ങള്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

ഓരോ ദിവസത്തെയും പുതിയ കേസുകളുടെ എണ്ണത്തിന്റെയും രോഗവ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍ലിക്കണമെന്നാണ് ശിപാര്‍ശ. ഇതിനിടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ നിയന്ത്രണം കടുപ്പിക്കുകയും വേണം. ഇക്കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. 14 ദിവസങ്ങള്‍ വീതമുള്ള മൂന്ന് ഘട്ടങ്ങളായി നിയന്ത്രണം പിന്‍വലിക്കണമെന്നാണ് സമിതി ശിപാര്‍ശ. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് നാളെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.

ഒരാഴ്ചയ്ക്കിടയില്‍ പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ഒന്നാം ഘട്ട നിയന്ത്രണ ഇളവ് തുടങ്ങാം. ഇവിടങ്ങളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പത്ത് ശതമാനത്തില്‍ കൂടരുത്. ഈ ജില്ലകളില്‍ ഒരു ഹോട്ട്‌സ്‌പോട്ടും പാടില്ല. കൂടാതെ ആളുകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ മുഖാവരണം ധരിച്ചിരിക്കണം. കൂടാതെ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കയ്യില്‍ കരുതണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കിയിരിക്കണം. ഇക്കാലയളവില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സൗകര്യം ഉണ്ടായിരിക്കണം. നിയമപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. മൂന്ന് മണിക്കൂര്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ. തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പുറത്തിറങ്ങരുത്. വാനങ്ങള്‍ ഒറ്റ ഇരട്ട അക്ക ക്രമത്തില്‍ നിയന്ത്രിക്കും. ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിക്കും. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരരുത്. മതപരമായ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടം പാടില്ല. ബാങ്കുകള്‍ക്ക് സാധാരണ പ്രവൃത്തി സമയം അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാഴ്ചയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ നിയന്ത്രണ ഇളവുകളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാം. ഈ ഘട്ടത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ കൂടരുത്, ഒരു ഹോട്ട് സ്‌പോട്ട് പോലും പാടില്ല തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്ത് എങ്ങും പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനം പ്രഖ്യാപിക്കും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.