ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം എന്ന് പൂജപ്പുര ജയിലിൽ നിന്ന് ഇന്ദ്രൻസ്

കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപനമായതോടെ മാസ്ക്കുകൾക്കും വലിയ രീതിയിൽ ക്ഷാമമുണ്ടായിരിക്കുകയാണ്. മാസ്ക് കിട്ടാതെ വരുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ മാസ്ക് സ്വയം നമുക്ക് തന്നെ നിർമിക്കാമെന്ന് കാണിച്ചു നൽകുകയാണ് നടൻ ഇന്ദ്രൻസ്.വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയയാളാണ് ഇന്ദ്രൻസ്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയിലറിങ് യൂണിറ്റിൽവച്ചാണ് മാസ്ക് നിർമിക്കുന്നതെങ്ങനെയെന്ന് ഇന്ദ്രൻസ് പരിചയപ്പെടുത്തിയത്.

കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്‍’ ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് ഇന്ദ്രൻസ് മാസ്ക് നിർമിച്ചത്. അത്യാവശ്യം തയ്യൽ വശമുള്ള ആർക്കും മാസ്ക് നിർമിക്കാമെന്ന് ഇന്ദ്രൻസ് പറയുന്നു. ഈ വിഡിയോ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മമ്മൂട്ടിയും അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

2018-ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.