സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; എട്ട് വിദേശികള്‍ക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ചികിത്സയിലായിരുന്ന എട്ട് വിദേശികള്‍ക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ സംസ്ഥാനത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 83, 76 വയസുള്ളവരും രോഗം ഭേദമായ വിദേശികളില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 13ന് വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനും മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവെ നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച വിദേശികളും രോഗം ദേഭമായവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ബ്രയാന്‍ നെയ്ല്‍ എന്നയാള്‍ അതീവ ഗുരുതതരാവസ്ഥയിലായിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ നാല് പേര്‍, കാസര്‍ഗോഡ് നാല പേര്‍, കൊല്ലം തിരുവനന്തപുരം ഓരോരുത്തര്‍ വീതം മലപ്പുറം രണ്ട് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. എറണാകുളം 6 പേര്‍, കണ്ണൂര്‍ 3 പേര്‍ ഇടുക്കി, മലപ്പുറം 2 പേര്‍ വീതവും പരിശോധനാ ഫലം നെഗറ്റീവായി.

സംസ്ഥാനത്തെ രോഗബാധിതരുടെ ആകെ എണ്ണം 357 ആയി. 258 പേര്‍ ചികിത്സയില്‍ കഴിയുന്നു. 136195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 135472 പേര്‍ വീടുകളിലും ആശുപത്രികളില്‍ 723 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 153 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 12710 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു, ഇതില്‍ 11469 എണ്ണം രോഗബാധിയിലെളലന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചികിത്സയിലുള്ളവരില്‍ 60 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനമാണ്. 20ന് താഴെ 6.9 ശതമാനവും. നാല് ദിവസം കൊണ്ട് നാല് ലാബ് പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 14 ജില്ലയ്ക്കും 14 ലാബ് സജ്ജമാക്കും. സ്വകാര്യ ലാബുകളില്‍ പരിശോധന അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. അതിന്‍െ്‌റ പേരില്‍ ലോക്ക് ഡൗണ്‍ നിബന്ധകള്‍ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നേരിയ അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാമെന്ന സാഹചര്യം ഇപ്പോഴും നിലവിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഇന്നും ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോട്ടെ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ഇതിനായി ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗും.

കൊവിഡ്-19 രോഗവ്യാപനം വർദ്ധിക്കുന്നില്ലെങ്കിലും സുരക്ഷിതരായി എന്ന ചിന്ത വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജാഗ്രത ഉപേക്ഷിക്കാനാവില്ല.രോഗവ്യാപന സാദ്ധ്യത ഇല്ലാതായിട്ടില്ല. മോശം കാര്യങ്ങൾ പ്രതീക്ഷിക്കുകയും കരുതൽ നടപടികളെടുക്കുകയും വേണം. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിക്കരുത്.

ഈസ്റ്റർ, വിഷു പ്രമാണിച്ച് സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി കടകളിൽ എത്തുന്നവർ കർശനമായ ശാരീരിക അകലം പാലിച്ചിരിക്കണം. വ്യാപാരികളും സന്നദ്ധസേനകളും പൊലീസും ജനങ്ങളുമെല്ലാം ജാഗ്രതയോടെ ഇടപെടണം. ക്ഷേമനിധികളുടെ ഭാഗമായവർക്കും അല്ലാത്തവർക്കും സഹായധനമെത്തിക്കും. ആരെയും കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.