മുഖ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായ ജാതീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപകമായ ജാതീയ അധിക്ഷേപവുമായി യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ആർഎസ്എസ് ബി- ടീമിന്റെ വ്യാപകമായ ജാത്യാധിക്ഷേപ പ്രചാരണം നടക്കുന്നത്. പാരമ്പര്യവും തറവാടിത്തവും ജന്മപുണ്യവും അന്തസും കര്‍മ്മഫലമാവുമൊക്കെ വിവരിച്ചുകൊണ്ട് സംഘികളെ കടത്തിവെട്ടുകയാണ് കേരളത്തിലെ മൂന്നു കളറിലെ കൊടിപിടിക്കുന്ന ആർഎസ്എസ് ബി ടീം.കേരളത്തിലെ കോൺഗ്രസ് യൂത്ത്കോൺഗ്രസ് നേതൃത്വങ്ങൾ നൈഷ്‌ടീക സംരക്ഷണ ‘ശൂദ്രലഹള’ക്കാലത്തും ദേശീയനേതൃത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പരസ്യമായിത്തന്നെ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിച്ചിരുന്നതിനാൽ ഇതൊന്നും കണ്ട് ആർക്കും അത്ഭുതമൊന്നും തോന്നുന്നില്ല.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ‘പാരമ്പര്യത്തിന്റെ’ കാര്യത്തില്‍ താരതമ്യം നടത്തിയാണ് അധിക്ഷേപം. മുല്ലപ്പള്ളിയുടെ സിരകളിലെ രക്തത്തിന് പറയാനുള്ളത് കള്ളിന്റെയും ചെത്തിന്റെയും ചരിത്രമല്ലെന്നും സ്വാതന്ത്ര്യ പേരാട്ടത്തിന്റെ ചരിത്രമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹനാസ് പാലക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചീഫ് മിനിസ്‌റ്റേഴ്‌സ് ഓഫീസ് കേരള എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിനെ ടാഗ് ചെയ്തുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. പാരമ്പര്യവും തറവാടിത്തവും ജന്മപുണ്യമാണെന്നും അന്തസും അത്മാര്‍ത്ഥയും കര്‍മ്മഫലമാണെന്നും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പറയുന്നു.
ഓര്‍ക്കുക സഖാക്കളെ ചെത്തല്ല സ്വാതന്ത്ര്യ സമര പോരാട്ടമാണ് പാരമ്പര്യം എന്ന തലക്കെട്ടില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള ഒരു പോസ്റ്ററും കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്നു.

നേരത്തെ ശൂദ്ര ആർത്തവ ലഹള കാലത്ത് ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രിക്കെതിരെ ഇതേരീതിയിൽ തന്നെ ജാതീയ അധിക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. തെങ്ങ് കയറണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്ന ക്യാപ്ഷനില്‍ ബി.ജെ.പി മുഖപത്രം ജന്മഭൂമിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഒരു സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന പ്രയോഗത്തില്‍ പിന്നീട് ജന്മഭൂമി ഖേദം പ്രകടിപ്പിച്ചിരുന്നു.ഇപ്പോൾ ഇത് ബി ടീം ഏറ്റെടുത്തിരിക്കുകയാണ്.

കൊവിഡ് വിഷയത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്‌ക്കെതിരെ മുല്ലപ്പള്ളി ഉന്നയിച്ച ആരോപണത്തിന് അദ്ദേഹം നല്‍കിയ മറുപടിക്കെതിരെ യാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വ്യാപകമായി ജാതിയാധിക്ഷേപം നടത്തിയിരിക്കുന്നത്.