കൊവിഡ് 19 ന് മുന്നിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ; അമേരിക്കയിൽ 24 മണിക്കൂറിനിടെ 2000 മരണം

അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ 2000 മരണം. ആകെ മരണ സംഖ്യ 14,​000 കടന്നു. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷമാണ്. ആഗോള തലത്തിൽ 15,10,333 പേർക്കാണു കൊവിഡ് ബാധിച്ചത്. 3,19,021 പേർ രോഗമുക്തി നേടി. 88,345 പേർക്കു ജീവൻ നഷ്ടപ്പെട്ടു. യു.എസിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ 4,30,902 പേർക്കാണ് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസം ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കും ആവശ്യം ഉള്ളതുകൊണ്ടാണ് യു.എസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ തടസം വന്നതെന്നും യു.എസില്‍ നിലവില്‍ 29 ദശലക്ഷം ഹോഡ്രോക്‌സിക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം,​ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 1,39,422 പേർക്കു രോഗം ബാധിച്ചതിൽ 17,669 പേർ മരിച്ചു. സ്പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. ബ്രിട്ടണിൽ 60,733 പേർക്കാണു രോഗം ബാധിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7097. ഫ്രാൻസിൽ 1,12,950 പേർക്കു രോഗം ബാധിച്ചു, മരണം 10,869. ജർമനിയിൽ 1,09,702 പേർക്കു രോഗം ബാധിച്ചു, മരണം 2105. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ വീണ്ടും വർദ്ധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കൊവിഡ് പടരുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മാർച്ച് 30ന് ആറ് ഗൾഫ് നാടുകളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം 3,717 ആയിരുന്നു. മരണസംഖ്യ പതിനെട്ടും. ഒരാഴ്ച പിന്നിടുമ്പോഴേക്കും അത് എണ്ണായിരത്തോടടുക്കുന്നു. മരിച്ചവരുടെ എണ്ണം 55 പിന്നിട്ടു. ഇപ്പോഴും കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് രോഗബാധിതർ ഏറെയെന്ന് യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പറയുന്നു. ഇത് പ്രവാസികൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.