രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനം; കൊവിഡ് മരണം 166; ആകെ രോഗബാധിതർ 5734 ആയി

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേരാണ് മരിച്ചത്. അതേ സമയം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. 24 മണിക്കൂറിനുള്ളിൽ 540 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ തോതിൽ രോഗം പടരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയ്ക്കൊപ്പം ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചവർ കൂടുതലുള്ളത്. ഡൽയിൽ 13 കേന്ദ്രങ്ങൾ പൂർണമായി അടക്കാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 1135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 8 പേർ മരിച്ചു. ധാരാവിയിലെ മരണം ഉൾപ്പെടെ ഇതിൽ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മുംബയ്ക്ക് പിന്നാലെ പൂനെയിലും മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42ഉം നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.

അതിനിടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനകൾക്കിടെ കേന്ദ്രസർക്കാർ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബജറ്റ് വിഹിതത്തിൻ്റെ 20 ശതമാനത്തിൽ താഴയേ അടുത്ത 3 മാസം അനുവദിക്കൂ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.