കൊറോണകാല ആചാരലംഘനംതുടരുന്നു: കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കി, കുരിശിൻറെ വഴിയും പാതിരാകുർബാനയും ഇല്ല

സെബാസ്റ്റ്യൻ വർക്കി

താലത്തിൽ വെള്ളമെടുത്തു
വെൺ കച്ചയുമരയിൽ ചുറ്റി…
മിശിഹാ തൻ ശിഷ്യന്മാരുടെ
പാദങ്ങൾ കഴുകി……
പാദങ്ങൾ കഴുകി.

കൊറോണ കാരണം ഒരുത്തൻ പോലുമില്ല ഈ 2020 യിലെ കാൽകഴുകൽ നാടകത്തിൽ അഭിനയിക്കാൻ. ഞാൻ തന്നെ എന്റെ കാൽ കഴുകി.ഞാൻ തന്നെ എന്റെ കാലിൽ ഉമ്മ വെച്ചു. എന്നെ ദൈവം സ്വർഗ്ഗത്തില് കേറ്റൂല്ലേ ക്രിസ്ത്യാണീസ്.??????

ഈസ്റ്ററിനു മുമ്പുള്ള ഒരാഴ്ച്ച.അതാണ് വിശുദ്ധ വാരം. അഥവാ വലിയ ആഴ്ച്ച. ഈ സമയത്ത് ധ്യാനഗുരുക്കന്മാരുടെയും പാസ്റ്റർമാരുടെയും പ്രാർത്ഥനകൾ ദൈവം കേൾക്കും, പ്രവർത്തിക്കും.അവരുടെ മറുഭാഷാ പ്രാർത്ഥനയുടെ രഹസ്യ കോഡാണ് പക്ഷെ പറഞ്ഞിട്ടെന്തുകാര്യം? ആചാരലംഘകനായ കൊറോണ എല്ലാം ഡീകോഡ് ചെയ്ത് നശിപ്പിച്ചു.

വി കാരിമാർക്കും ബിഷപ്പന്മാർക്കും നേർച്ചപ്പെട്ടിയിൽ കാശു വീഴാത്തതിനാൽ പ്രാന്തായിരിക്കുകയാണ്.  കുഞ്ഞാടുകൾ പള്ളീൽ ചെന്നാലും ഇല്ലേലും പക്ഷേ കുടിശ്ശിക കണക്കുബുക്കിൽ എഴുതി വെക്കും. പൈസ തന്നില്ലേൽ മാമ്മോദീസ, ആദ്യകുർബാന, കല്യാണം, ശവമടക്ക് ഒന്നും നടത്തിത്തരൂല്ല എന്നുമാത്രം!

കൊറോണ പൂണ്ടു വിളയാടുന്നതിനു മുൻപുള്ള കത്തോലിക്കാ സഭയുടെ വിളവെടുപ്പുകാലങ്ങളിൽ എന്തക്കെ ആചാരങ്ങളായിരുന്നു. കുരുത്തോല വെട്ടുന്നു…. വെഞ്ചരിക്കുന്നു…. കിടപ്പുരോഗികൾക്കും കുട്ടികൾക്കുംവരെ എണ്ണം പറഞ്ഞ് കുരുത്തോല മേടിക്കുന്നു…. എന്തിനേറെ പറയുന്നു. ജീവിച്ചിരുന്നപ്പോൾ പരമാവധി ദ്രോഹം ചെയ്തു സഹിക്ക വയ്യാഞ്ഞിട്ട് ഏതെങ്കിലും ബസ്സിനോ, ട്രെയിനിനോ തല വെച്ച് മരിച്ചവർക്കുപോലും സിമിത്തേരിയിൽ കുരുത്തോല കൊണ്ടുപോയി വെക്കുന്നു. പ്രദക്ഷിണം നടത്തുന്നു….

അച്ചൻ മൂന്ന് തവണ പറയുമ്പോൾ താനേ തുറക്കുന്ന വാതിൽ….എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, അമ്പും വില്ലും… എല്ലാം പോയില്ലേ…? ഗുദാ ഹവാ… ആചാരങ്ങൾ ചാരമാകുന്നു.

കൊറോണ ഞായർ: രാവിലെ ഓൺലൈൻ കുർബാന കാണാമെന്നു വെച്ചു നോക്കിയപ്പോൾ നെറ്റില്ല. എന്നാപ്പിന്നെ ടി വി യിൽ കാണാമെന്നു വെച്ചു. രൂപതയുടെ ഭൂമി കട്ടുവിറ്റ കുംഭകോണം കേസിലെ മുഖ്യൻ ആലഞ്ചേരി ജോർജ്, വീഞ്ഞും ഗോതമ്പടയും പൊക്കിയപ്പോഴേക്കും ദാണ്ടേ…. കിടക്ക്ണു സിഗ്നലും പോയി.

കത്തോലിക്കാ സഭയ്ക്ക് ഈ വിശുദ്ധ – അശുദ്ധ വാരത്തിൽ ഉണ്ടാകുന്ന നഷ്ടം ശതകോടികളുടെതാണ്. എന്നാലും എന്റെ കൊറോണേ…😢

പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ രാവിലെ ദിവ്യബലിയും തിരുകർമ്മങ്ങളും നടന്നു. ചടങ്ങുകൾ യൂട്യൂബിലൂടെ തത്സമയ സംപ്രേഷണം ചെയ്ത് വികാരിമാർ തകർത്തഭിനയിച്ചു. വീട്ടിലിരുന്ന് വിശ്വാസികൾ പങ്കാളികളായി. കുരിശുമരണത്തിനു മുമ്പ് ശിഷ്യൻമാർക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മ പുതുക്കി.

കൊവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടായിരുന്നു ചടങ്ങുകൾ. അഞ്ച് പേർ മാത്രമാണ് പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തത്. കാൽകഴുകൽ ശുശ്രൂഷയും പൊതു ആരാധനയ്ക്ക് ശേഷം ദേവാലയങ്ങളിൽ നടക്കാറുള്ള പെസഹ ഊട്ടും അപ്പം മുറിക്കലും മുൻ നിശ്ചയപ്രകാരം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്ക്കൽ വീട്ടുകാർക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹാ തിരുകർമ്മ സ്കിറ്റ് അവതരിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിനയിക്കുന്ന സ്കിറ്റുണ്ട്. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ രാവിലെ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. ഫോർട്ട്‌കൊച്ചി ബിഷപ്പ്സ് ഹൗസ് ചാപ്പലിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ സ്കിറ്റിൽ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ആണ് മുഖ്യ അഭിനേതാവ്. അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും രാവിലെ ഏഴിന് പെസഹാ തിരുകർമ്മ സ്‌കിറ്റുകൾ നടന്നു.എന്നാൽ സ്കിറ്റിലെ ക്ളൈമാക്സ് സീനായ കാൽ കഴുകൽ ആചാരം പക്ഷെ കൊറോണവാഴ്ച കാലത്തെ സെൻസർ ബോർഡ് അനുവദിച്ചില്ല.

തീർന്നില്ല ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് പള്ളികളിൽ നാളെ ദുഃഖവെള്ളി ആഴ്ച അവതരിപ്പിക്കുന്ന സ്‌കിറ്റിന്റെ സ്ക്രിപ്റ്റിലും സാരമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. നഗരികാണിക്കൽ പ്രദക്ഷിണം, കുരിശിന്റെ വഴി എന്നിവ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുർബാന എന്ന സ്കിറ്റിന്റെ പ്രദർശനവും ഒഴിവാക്കിയിട്ടുണ്ട്. പാതിരാകുർബാനയിലാണ് യേശുവിനെ ഉയിർപ്പിക്കുന്ന കലാപരിപാടികൾ നടക്കുന്നത്. ഇത്തവണ യേശു ബൈബിളിൽ പറയുന്നതുപോലെ ആരുടേയും സഹായമില്ലാതെ തന്നെ എഴുനേറ്റ് പൊയ്ക്കോളും.

കാലം പോയൊരു പോക്കേ…! കയ്പുനീർ കുടിക്കാതെ ദുഃഖവെള്ളിയാഴ്ച്ച പള്ളിയിൽ നിന്ന് ആരും പുറത്തു പോകാൻ പാടില്ല.

ദുഃഖവെള്ളി കടമുള്ള ദിവസമാണ്. എല്ലാവരും വരിവരിയായി വന്നു ക്രൂശിത രൂപത്തിൽ ഉമ്മ വെച്ചു നേർച്ചയിട്ടിട്ട് കയ്പുനീർ (പാവയ്ക്കാ ഇലയും കാഞ്ഞിരത്തിന്റെ ഇലയും ചേർത്തരച്ചത്) കുടിക്കാതെ പള്ളിക്കു പുറത്തു പോകാൻ പാടില്ല എന്ന് കല്പിച്ചിരുന്ന വികാരിയുടെ ജല്പനം കേട്ടിട്ടില്ലാത്ത ക്രിസ്ത്യാനികൾ കുറവായിരിക്കും.

കയ്യിലൊഴിച്ചു തന്ന കുറുകിയ കയ്പുനീർ കുടിക്കാതെ കളഞ്ഞതിന് ചെവിക്കു കിഴുക്കു കിട്ടിയത് പലരും മറന്നിട്ടില്ലച്ചോ.

ഇപ്പോൾ കാലം മാറി. പള്ളിയിൽ കുർബാന പോലും ഇല്ലാതായി. ഓൺലൈൻ കുർബാന ചൊല്ലാൻ മേയ്ക്കപ്പിട്ടു യൂ ട്യൂബിൽ അഭിനയിക്കാൻ മേക്കപ്പ് കിറ്റും കിട്ടാനില്ലാതായി.

കൊറോണ ചതിച്ച ചതിയെ…?.

എല്ലാവർക്കും സാനിറ്റയിസർ തുളുമ്പുന്ന ദുഃഖവെള്ളി ആശംസകൾ!