ഇന്ത്യ കൊവിഡിന് എതിരെ ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കും: ബയോടെക്‌നോളജി സെക്രട്ടറി

കോവിഡ് 19 മഹാമാരിക്കെതിരെ ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്. ലോകാരോഗ്യ സംഘടനയുമായും മറ്റുചില അന്താരാഷ്ട്ര ഏജന്‍സികളുമായും സഹകരിച്ചാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.

വാക്‌സിന്‍ വികസന പദ്ധതികള്‍ ഒന്നാം ഘട്ടത്തിലാണ്. ഇതില്‍ എത്രമാത്രം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ഈ മാസം അവസാനമേ പറയാനാകൂ. എന്തായാലും ഒന്നര വര്‍ഷം കൊണ്ട് അത് സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ബിസിജി പരീക്ഷിക്കുന്നത് ഡിബിടിയുടെ സഹകരണത്തോടെ ഈ ആഴ്ച ആരംഭിക്കുമെന്നും സ്വരൂപ് പറഞ്ഞു.
സാര്‍സ് കോവ് 2നെതിരെ ഡിഎന്‍എ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിനും കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിനും ധനസഹായം നല്‍കാന്‍ ബയോടെക്‌നോളജി വകുപ്പ് തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു.