പത്തനംതിട്ടയിൽ പത്താം ക്ളാസുകാരനെ സഹപാഠികൾ വെട്ടിക്കൊന്ന് കുഴിച്ചുമൂടി

പത്താംക്ളാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് കല്ലുകൊണ്ട് ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്ന് കുഴിച്ചുമൂടി. പത്തനംതിട്ടയിലെ കൊടുമണ്ണിൽ ഇന്നലെ വൈകിട്ട് നാലിനാണ് നാടിനെ നടുക്കിയ സംഭവം. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെയും മിനിയുടെയും മകൻ അഖിലാണ് (16) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ രണ്ട് പത്താം ക്ളാസ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അഖിലിന്റെ ഒപ്പം ഒമ്പതാം ക്ളാസുവരെ പഠിച്ചവരാണ് ഇരുവരും.ഇന്നലെ ഉച്ചയോടെ സൗഹൃദം നടിച്ചെത്തിയ വിദ്യാർത്ഥികളിലൊരാൾ അഖിലിനെ സൈക്കിളിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

വൈകിട്ട് നാല് ഓടെ അങ്ങാടിക്കൽ എസ്.എൻ.വി സ്കൂളിന് സമീപത്തെ ആളോഴിഞ്ഞ റബർ തോട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ ചുറ്റിത്തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വിവരം തിരക്കിയപ്പോൾ വിദ്യാർത്ഥികൾ പരുങ്ങുന്നത് കണ്ട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു പറയുന്നത്. കുട്ടികൾ ഒാടിപ്പോകാതിരിക്കാൻ കൈകൾ കൂട്ടിക്കെട്ടിയ ശേഷം നാട്ടുകാർ കൊടുമൺ പൊലീസിൽ വിവരം അറിയിച്ചു.പൊലീസ് എത്തി പ്രതികളെക്കൊണ്ട് കുഴിയിലെ മണ്ണ് നീക്കിയപ്പോൾ കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കൊടാലി ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. അഖിലിന്റെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരി ആര്യ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ്.ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ്, അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്, കൊടുമൺ സി.എെ എസ്.ശ്രീകുമാർ തുടങ്ങിയവരും ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
അറസ്റ്റിലായ വിദ്യാർത്ഥികൾ ക്രിമിനൽ സ്വഭാവമുള്ളവരാണെന്നും കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. അടുത്തിടെ അഖിൽ പ്രതികളിലൊരാളുടെ വിലകൂടിയ ഷൂസ് കടം വാങ്ങിയിരുന്നു.പകരം മൊബൈൽ വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ പേരിൽ പലതവണ വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പ്രതികളായ വിദ്യാർത്ഥികൾ രണ്ട് വർഷം മുൻപ് വീണാജോ‌ർജ് എം.എൽ.എയുടെ വീട്ടിൽ നിന്ന് സി.സി.ടി.വി മോഷ്ടിച്ചതിന് പിടിയിലായിരുന്നു.മോഷണം കാമറയിൽ പതിഞ്ഞതിനാലാണ് അന്ന് ഇവരെ തിരിച്ചറിഞ്ഞത്. പിന്നീട് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതോടെ പഠിച്ചുകൊണ്ടിരുന്ന കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്കൂളിൽ നിന്ന് പുറത്താക്കി. പിന്നീട് അങ്ങാടിക്കൽ സ്കൂളിൽ ചേർന്നു. അവിടെ വച്ച് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതോടെ സ്കൂൾ അധികൃതർ പലതവണ താക്കീത് ചെയ്തിരുന്നു.കൊലപാതകത്തിന് ശേഷം പരുങ്ങി നിൽക്കുന്ന കുട്ടികളെ അങ്ങാടിക്കൽ സ്‌കൂളിലെ ഡ്രൈവർ രഘുവാണ് കണ്ടത്. സമീപം താമസിക്കുന്ന സ്‌കൂൾ മാനേജർ കെ.ഉദയനെയും വാർഡ് മെമ്പർ വിനി ആനന്ദിനെയും രഘു വിവരം അറിയിച്ചു. ഇവരുടെ നേതൃത്വത്തിലാണ് കുട്ടികളെ തടഞ്ഞുവച്ചത്.