ഏപ്രിൽ 23: കഥാപ്രസംഗകലയെ ജനകീയമാക്കിയ, വി സാംബശിവൻ ഓർമ്മദിനം

സി.ആർ.സുരേഷ്

കഥാപ്രസംഗകലയിലൂടെ ജനങ്ങളെ രാഷ്ട്രീയ, സാമൂഹ്യ ബോധത്തിലേക്കുയർത്തിയ കാഥികനായിരുന്നു വി സാംബശിവൻ (1929 – 1996).

വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകൾ സാധാരണ ഗ്രാമീണജനങ്ങൾക്ക് എളുപ്പം ഗ്രഹിക്കാവുന്ന മട്ടിൽ പാകപ്പെടുത്തി നല്‍കിയെന്നതു മാത്രമല്ല, സമകാലിക ഇന്ത്യൻ സമൂഹത്തിലെ യാഥാർഥ്യങ്ങൾ കഥകൾക്കിടയിലൂടെ പകർന്നുനല്‍കിയെന്നതു കൂടിയാണ് അദ്ദേഹത്തിന്റെ സവിശേഷത. അനീതിക്കെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിൽ, ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം നിർത്തുന്നതിൽ സാംബശിവന്റെ കഥാപ്രസംഗ വേദികൾ വലിയ പങ്കാണ് വഹിച്ചത്.

കൊല്ലം എസ് എൻ കോളേജിൽ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ പണം കണ്ടെത്താനായി സ്വന്തം നാടായ ചവറ ഗുഹാനന്ദപുരത്ത് നടത്തിയ കഥപറച്ചിലാണ് കഥാപ്രസംഗകലയ്ക്ക് തുടക്കമായത്.

വിദ്യാർത്ഥി ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം അമ്പതുകളുടെ തുടക്കത്തിൽതന്നെ കമ്യൂണിസ്റ്റ് പാർടി അംഗമായി. ഒളിവിൽ കമ്മ്യുണിസ്റ്റ്പാർട്ടി പ്രവർത്തിച്ചിരുന്ന കാലത്ത്, തുറസ്സായ ഉത്സവപ്പറമ്പുകളിൽ കമ്മ്യുണിസ്റ്റ് ബോധവും സമീപനവും കഥയിൽ ചാലിച്ചതിന് കമ്മ്യുണിസ്റ്റ് വിരുദ്ധരെ അസ്വസ്ഥരാക്കിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.

48 വർഷംകൊണ്ട് 60 കഥകൾ 15000ത്തിലധികം വേദികളിൽ അവതരിപ്പിച്ചത് കഥാപ്രസംഗ കലയിൽ മാത്രമല്ല, എല്ലാ കലകളിലുമുള്ള റെക്കോഡായിരുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’യാണ് അവതരിപ്പിച്ച ആദ്യ കഥാപ്രസംഗം. തുടർന്ന്, ഷേക്സ്പിയറുടെ ഒഥല്ലോ, ടോൾസ്റ്റോയിയുടെ അനീസ്യ, അന്നാ കരേനിന, ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്‍മാർ, പേൾ എസ് ബക്കിന്റെ നല്ല ഭൂമി, വാൻഡ വാസില്യൂവ്സകയുടെ റെയിൻബോ, മഹാകവി ജിയുടെ ചന്ദനക്കട്ടിൽ, വയലാറിന്റെ ആയിഷ, ബിമൽ മിത്രയുടെ വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട്, മലയാറ്റൂരിന്റെ യന്ത്രം എന്നിവ മികച്ച ശിൽപ്പ വൈദഗ്ദ്ധ്യത്തോടെ കഥാപ്രസംഗമാക്കി. ഒരു പക്ഷെ, സ്കൂളുകളിലും കോളേജുകളിലും ഇവയെല്ലാം പഠിക്കാനുണ്ടായിരുന്നെങ്കിലും കേരളത്തിലെ ജനങ്ങൾ പഠിച്ചത് സാംബശിവനിലൂടെയായിരിയ്ക്കും.

എൻ എം ശ്രീധരൻ സംവിധാനം ചെയ്ത ‘പല്ലാങ്കുഴി’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ ‘ഏതു നാട്ടിലാണോ’ എന്ന ഗാനം വളരെ പ്രസിദ്ധമാണ്.

1980-ൽ കേരള സംഗീതനാടക അക്കദമി ഫെല്ലൊഷിപ്പ് ലഭിച്ചു.

യശശ്ശരീരനായ വി സാംബശിവൻ 1985 ൽ അവതരിപ്പിച്ച “ഇരുപതാം നൂറ്റാണ്ട്” എന്ന കഥാപ്രസംഗത്തിന്റെ ആമുഖവാക്യങ്ങൾ ഇതാ…!കഥയുടെ പശ്ചാത്തലം അന്നും എന്നും ഒന്ന്. കഥാപാത്രങ്ങളും ഭൂമികയും മാറുന്നു എന്നുമാത്രം.