‘തെക്കോട്ട് ഇറക്ക’മെന്ന ആചാരത്തേക്കാൾ ഗൗരവമുള്ള കാര്യമാണ് ‘തെക്കോട്ട് എടുക്കുന്ന’ ആചാരം!

ലിബി സി. എസ്

കഴിഞ്ഞ വർഷം ആചാരം സംരക്ഷിക്കാനായി കേരളത്തിൽ ഒരു ഡസനിലധികം ഹർത്താലുകളും പോലീസ് സ്റ്റേഷനിലേക്ക് വരെ ബോംബേറും നടത്തിയ ആചാരസംരക്ഷണ കുത്തിക്കഴപ്പുകാരെല്ലാം ഇപ്പോൾ എവിടെപ്പോയോ എന്തോ?

കഴിഞ്ഞവർഷം മറ്റേ രാമേന്ദ്രനാന ആചാരമനുസരിച്ച് മണികണ്ഠനാലിന് സമീപത്തെ നിലപാടുതറയില്‍ വച്ച് തിടമ്പ് കൊമ്പന്‍ ദേവിദാസന് കൈമാറണമെന്നാണ് നിയമം എന്നായിരുന്നു മറ്റേ പുള്ളിക്കാരൻ പറഞ്ഞ ഹിന്ദു പണ്ഡിതന്മാരെല്ലാം പറഞ്ഞിരുന്നത്. ആചാരം തീരുമാനിക്കുന്നത് കോടതിയുമല്ല സർക്കാരുമല്ല ആ ജാതി പണ്ഡിതമലരുകളാണെന്നാണ് സ്വന്തമായി ദേവസ്വം മന്ത്രിയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിജി പറഞ്ഞിരുന്നതും.

എന്നാൽ ദാ ഒരുപണ്ഡിതനും തീരുമാനിക്കതെ ഇത്തവണ രാമചന്ദ്രനും വേണ്ട പപ്പനാവനും വേണ്ട നെയ്തലക്കാവ് ഭഗവതിയും വേണ്ട പൂരവും വേണ്ടെന്ന് കോവിഡ് ഭഗവാൻ അങ്ങ് തീരുമാനിച്ചപ്പോൾ തിരുവാമ്പാടി ഭഗവതി പോകുന്ന പോകുകണ്ടാൽ പെറ്റ തള്ള സഹിക്കൂല്ല,,,!പിന്നല്ലേ അമ്മഭഗവതി?

കണ്ടില്ല്യേ സർവ്വശക്തയായ ജഗദീശ്വരിയെആണ് എഴുന്നൊള്ളിക്കുന്നതെങ്കിലും മാസ്‌ക് ധരിച്ചു എഴുന്നെള്ളിക്കുന്നു, ‘തെക്കോട്ടിറക്കത്തിന്’ മാത്രമല്ല ‘തെക്കോട്ട് എടുക്കുന്നതിനും’ ചില ആചാരങ്ങൾ ഉണ്ടെന്നും കൊറോണ ആചാരസംരക്ഷകരെ ഓർമ്മപ്പെടുത്തിയിട്ടാണോ എന്തോ ആചാരസംരക്ഷകരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ !

ആചാരം സംരക്ഷിക്കാൻ അതഹത്യചെയ്ത ടീച്ചറമ്മയുടെ ആത്മാവ് ഇതു കണ്ട് വേവലാതിപ്പെടുന്നുണ്ടാവും! 

കഴിഞ്ഞതവണ നിരവധി മനുഷ്യരെയും ആനകളെയും കൊന്നിട്ടുള്ള രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെന്ന ‘ഗജ കേസരി’യെ തള്ളിക്കൊണ്ടുവന്നാണ് ആചാരപരമായി വാതിൽ തുറപ്പിച്ചത്. ദൈവങ്ങൾക്കും ഭക്തന്മാർക്കും പ്രസാദിക്കാൻ മിണ്ടാപ്രാണികൾക്ക് മേൽ നടത്തുന്ന കൊടിയ പീഢനങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കാൻ നവോത്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം കര്‍ശന ഉപാധികളോടെ നിശ്ചിത സമയത്തേക്കു ആചാരസംരക്ഷണാർത്ഥം മാത്രം തൃശൂർ ജില്ലയിലെ ആകാശം ഇടിഞ്ഞുവീഴാതിരിക്കാനായി ആ അന്ധനായ ആനയെ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞതവണ തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശിമാരും അഡ്വക്കേറ്റ് ജനറലുമായും കൂടി ആലോച്ചിച്ച് രാമചന്ദ്രന്റെ അന്ധത ഒരുദിവസത്തേയ്ക്ക് എടുത്തു മാറ്റികൊടുത്തത്. പൂരം കഴിഞ്ഞു ലോറിയിൽ നിന്നും ഇറക്കി തളച്ചു കഴിഞ്ഞപ്പോഴാണ് വീണ്ടും അന്ധത തിരിച്ചു കൊടുത്തത്. അങ്ങനെ എന്തൊക്കെ പാടുകഴിച്ചായിരുന്നു കഴിഞ്ഞതവണ ആചാരമൊന്ന് സംരക്ഷിച്ചെടുത്തതെന്ന് സുരേന്ദ്രൻജിക്കും സുനിൽകുമാർജിക്കും മാത്രമേ അറിയൂ.

ഇത്തവണ എന്തായാലും ആചരസംരക്ഷണ കുത്തിക്കഴപ്പുകാരെയും സുരേന്ദ്രൻജി, സുനിൽകുമാർജി തുടങ്ങിയ മന്ത്രി പുംഗവന്മാരെയും ‘തെക്കോട്ട് ഇറക്ക’മെന്ന ആചാരത്തിനേക്കാൾ വലിയ പ്രശ്നമാണ് ‘തെക്കോട്ട് എടുക്കുന്ന’ ആചാരം എന്ന തിരിച്ചറിവുണ്ടാക്കിക്കൊടുത്ത ട്രമ്പ് പറഞ്ഞ മറ്റേ ചൈനീസ് വൈറസിന് ലാൽസലാം!

ഇത്രേയുള്ളൂ മതവും, ദൈവവും, ആചാരങ്ങളും ! കോവിഡ് ജിക്ക് ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയായിരിക്കട്ടെ!