കൊല്ലത്തുനിന്ന് കാണാതായ ബ്യൂട്ടീഷ്യനെ സംഗീത അദ്ധ്യാപകൻ പാലക്കാട്ട് കൊന്നു കുഴിച്ചുമൂടി

കൊല്ലത്തുനിന്ന് കാണാതായ ബ്യൂട്ടീഷ്യന്റെ മൃതദേഹം പാലക്കാട്ട് കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തി. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്രയുടെ (42) മൃതദേഹമാണ് നഗരത്തിലെ മണലി ശ്രീറാംനഗറിൽ വീടുകൾക്കു സമീപം കാടുപിടിച്ചുകിടക്കുന്ന പാടത്ത് കുഴിച്ചിട്ടിരുന്നത്. സംഭവത്തിൽ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത് (32)നെ കൊല്ലം ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കീബോർഡ് ആർട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ചില സ്വകാര്യ സ്ഥാപനങ്ങളിൽ സംഗീത അദ്ധ്യാപകനാണ്.

കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനറായ യുവതി കഴിഞ്ഞമാസം 17ന് ആലപ്പുഴയിൽ ഭർതൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് സ്ഥാപനത്തിൽ നിന്ന്‌ അവധിയെടുത്ത് പോയത്. രണ്ടുദിവസം കൊല്ലത്തെ വീട്ടിലേക്ക് ഫോൺചെയ്തിരുന്നു. 20നു ശേഷം ഫോൺ വിളികളൊന്നും കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 22ന് കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രശാന്തിലേക്കെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
പ്രശാന്തിന്റെ ഭാര്യയുടെ അകന്ന ബന്ധുവാണ് മരിച്ച സുചിത്ര. 2018 ൽ വിവാഹശേഷം പരിചയപ്പെട്ട സുചിത്രയുമായി ഇയാൾ അടുപ്പത്തിലായി. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു. പാലക്കാട്ടെ വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്കും പോയി. ഈ സമയത്താണ് സുചിത്ര പാലക്കാട്ടെത്തിയത്.

മാർച്ച് 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര പ്രശാന്തിനൊപ്പം താമസിച്ചു. 20നാണ് കൊലപാതകം നടന്നത്. കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. അന്നു രാത്രിതന്നെ വീടിനോട് ചേർന്നുള്ള പാടത്ത് മൃതദേഹം കുഴിച്ചുമൂടി.

പ്രശാന്തിന് സംഗീതോപകരണങ്ങൾ വാങ്ങാനായി സുചിത്ര പലതവണയായി പണം കടംകൊടുത്തിട്ടുണ്ട്. ഇത് തിരികെ ചോദിച്ചതിനെ തുടർന്നുള്ള സംഘർഷമാകാം കൊലപാതകത്തിന് കാരണം. ലോക്ക് ഡൗണിനു മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കൾ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിലും അവരോട് സാധാരണപോലെയാണ് പ്രതി പെരുമാറിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം പാലക്കാട്ടെത്തി ടൗൺ നോർത്ത് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് തെളിവെടുപ്പ് നടത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുട്ടിനുതാഴെ മുറിച്ച നിലയിലായിരുന്നു. മൃതദേഹം കത്തിക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

കൊല്ലം അഡിഷണൽ എസ്.പി ജോസി ചെറിയാൻ, കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി ബി.ഗോപകുമാർ, എസ്.ഐമാരായ അനിൽകുമാർ പോറ്റി, അമൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി പാലക്കാട്ടെത്തിയത്.