മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്

വയനാട് സ്വദേശിയും പ്രമുഖ പ്രവാസി വ്യവസായിയുമായ കപ്പല്‍ ജോയ് എന്ന ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ് സ്ഥിരീകരിച്ചു. ദുബൈ ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് താഴെക്ക് ചാടിയാണ് ജോയ് ജീവനൊടുക്കിയതെന്ന് ദുബൈ പോലീസ് സ്‌റ്റേഷന്‍ ഡയറ്കടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നും മരണത്തില ദുരൂഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 23നായിരന്നു അറയ്ക്കല്‍ ജോയിയുടെ മരണം. 20 വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി ഇന്നോവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ ബിസിനസ് നടത്തിയിരുന്ന അദ്ദേഹത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫിലും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. കേരളത്തിലെ വലിയ വീടുകളില്‍ ഒന്നാണ് മാനന്തവാടിയിലെ 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജോയിയുടെ അറക്കല്‍ പാലസ്.
ജോയിയുടെ മൃതദേഹം ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരും മൃതദേഹത്തെ അനുഗമിക്കും.