ലോകാരോഗ്യ സംഘടന ചൈനയ്ക്കായി കുഴലൂത്ത് നടത്തുന്നെന്ന് ട്രംപ്

ലോകാരോഗ്യസംഘടന ചൈനയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നേരത്തെ തന്നെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്തരല്ല. ഡബ്ല്യു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് അമേരിക്കയാണ്. എന്നാൽ ഞങ്ങളെ അവർ തെറ്റിദ്ധരിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് യു.എസ് 400 മുതൽ 500 ദശലക്ഷം ഡോളർ വരെ ധനസഹായം നൽകിയിരുന്നു. ചൈന വെറും 38 ദശലക്ഷം ഡോളറാണ് നൽകുന്നത്. എന്നിട്ടും അവർ ചൈനയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പടർന്ന് കൊണ്ടിരിക്കെ വുഹാനിൽ നിന്ന് ലോകമെമ്പാടും ചൈന വിമാനം പറത്തി. ഇതൊക്കെ അറിയാമായിരുന്നിട്ടും ലോകാരോഗ്യസംഘടന മൗനം പാലിച്ചെന്നും ട്രംപ് പറഞ്ഞു.

കൊവിഡിന്റെ ആദ്യകാല വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങൾ ചൈനയും ലോകാരോഗ്യ സംഘടനയും മറച്ചുവച്ചോ എന്ന് അന്വേഷിക്കാൻയു.എസ് രഹസ്യാന്വേഷണ ഏജൻസികളോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ തോൽപ്പിക്കാൻ ചൈന എന്തും ചെയ്യുംപ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ചൈന ആവുന്നതെല്ലാം ചെയ്യുമെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. എങ്ങനെയാണു കൊറോണ പടർന്നതെന്ന് ലോകത്തിനു മുന്നിൽ അവർക്ക് അധികം താമസിയാതെ പറയേണ്ടിവരും. കൊറോണ വ്യാപനം മൂലം യു.എസിനുണ്ടായ തിരിച്ചടികൾക്കു ചൈനയിൽനിന്നു നഷ്ടപരിഹാരം തേടുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാൽ എന്തു നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.