മെയ്: 3 ലോക പത്രസ്വാതന്ത്ര്യദിനം; മാധ്യമപ്രവര്‍ത്തകർ നിരന്തരം വേട്ടയ്ക്കിരയാവുന്ന ഇക്കാലത്ത് ഈ ദിനമുയര്‍ത്തുന്ന ചോദ്യങ്ങള്‍

ലിബി. സിഎസ്

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനമാണ് പത്രപ്രവര്‍ത്തകരും മറ്റ് മാധ്യമപ്രവര്‍ത്തകരും നിരന്തരം വേട്ടയ്ക്കിരയാവുന്ന ഇക്കാലത്ത് ഈ ദിനമുയര്‍ത്തുന്ന ചോദ്യങ്ങള്‍ മുമ്പെന്നത്തേക്കാളും പ്രസക്തമാണ്.പ്രത്യേകിച്ച് ഇൻഡ്യയിൽ!

ഒരു മഹാമാരിക്ക് മുന്നില്‍ നമ്മുടെ രാജ്യം നിശ്ചലാവസ്ഥയിലായപ്പോഴും ഭരണകൂടം ആ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ പ്രതികാരങ്ങള്‍ നടത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ് ലോക്ക്ഡൗണ്‍ കാലത്തെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍. അതിനേറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ പ്രമുഖ അക്കാദമിസ്റ്റും ദളിത് മാര്‍ക്സിസ്റ്റ് ചിന്തകനും അംബേദ്കര്‍ കുടുംബാംഗവുമായ ആനന്ദ് തെല്‍തുംദെയും പ്രമുഖ പത്രപ്രവര്‍ത്തകനായ ഗൗതം നവ്്ലാഖും കഴിഞ്ഞ ദിവസം പോലീസിന് കീഴടങ്ങേണ്ടി വന്ന സംഭവം.

കൊവിഡ് വ്യാപനത്തിന്റെ സാധ്യത കുറക്കുന്നതിനായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശം നിലവിലുണ്ടായിരുന്നു. എന്നിട്ടും ഭീമ കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സംശയത്തിന്റെ പേരില്‍ മാത്രം പ്രതിചേര്‍ക്കപ്പെട്ട ആനന്ദ് തെല്‍തുംദെയെയും ഗൗതം നവ്്ലാഖിനെയും ജയിലിലടക്കാന്‍ ധൃതി കാണിക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരാണെന്നാരോപിച്ച് ഇന്ത്യയിലെ പ്രഗത്ഭരായ അഭിഭാഷകരും പത്രപ്രവര്‍ത്തകരുമടങ്ങുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ നേരത്തേ തന്നെ കേന്ദ്രം ജയിലിലടച്ചിരുന്നു. ഈ കേസില്‍ തന്നെയാണ് ആനന്ദ് തെല്‍തുംദെയും ഗൗതം നവ്്ലാഖും ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സമാനമായ സമീപനം തന്നെയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദ വയറിന്റെ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, കശ്മീരില്‍ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റായ മസ്റത്ത് സഹ്റ, ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ നിരവധി വിദ്യാര്‍ഥികള്‍, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭകര്‍, ഡല്‍ഹി കലാപത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ എന്നിവരോടെല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ മുന്‍കൈയില്‍ നടന്ന രാമനവമി ആഘോഷത്തെക്കുറിച്ച് “ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അയോധ്യ പോലീസ് സിദ്ധാര്‍ഥ് വരദരാജനെതിരെ കേസെടുത്തിരിക്കുന്നത്.

അയോധ്യയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എട്ടംഗ പോലീസ് സംഘം സിദ്ധാര്‍ഥ് വരദരാജന്റെ വീട്ടിലെത്തി ഉടന്‍ അയോധ്യ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന തരത്തില്‍ നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം, കണ്ണന്‍ ഗോപിനാഥിനെതിരെയും പ്രശാന്ത് ഭൂഷണെതിരെയും കേസെടുത്തിരിക്കുന്നത് ഗുജറാത്ത് പോലീസാണ്. രാമായണത്തെയും മഹാഭാരതത്തെയും അപമാനിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തു എന്നതാണ് പ്രശാന്ത് ഭൂഷണ് നേരെയുള്ള ആരോപണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് കണ്ണന്‍ ഗോപിനാഥന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം.

ലോക്ക്ഡൗണിനിടയിലും കേന്ദ്രം തുടര്‍ന്നുവരുന്ന യു എ പി എ ദുരുപയോഗത്തിന്റെ ഇരയായിരിക്കുകയാണ് കശ്മീരില്‍ നിന്നുള്ള വനിതാ മാധ്യമ ഫോട്ടോഗ്രാഫറായ മസ്റത്ത് സഹ്റ. സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ചെയ്തു എന്ന കുറ്റം ചുമത്തി മസ്റത്ത് സഹ്റക്കെതിരെ യു എ പി എ പ്രകാരം എന്‍ ഐ എ കേസെടുത്തിരിക്കുകയാണ്. “പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള ക്രിമിനല്‍ ഉദ്ദേശ്യത്തോടെയാണ് സഹ്‌റ ദേശവിരുദ്ധ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നത്’ എന്നാണ് പോലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.

ഡല്‍ഹി കലാപാസൂത്രണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവായ ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പോലീസും യു എ പി എ പ്രകാരം കേസെടുത്തിരിക്കുന്നു.നമ്മുടെ കേരളത്തിൽ പോലും മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരിയെ യുഎപിഎ കേസിൽ രണ്ടുദിവസം മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു.

ജനാധിപത്യത്തിന്‍റെ നാലാമത്തെ കാവല്‍ത്തൂണ് എന്ന അർത്ഥത്തിലുള്ള ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പ്രയോഗത്തെ പരിഭാഷപ്പെടുത്തിയാകണം, തിരുവന്തോരം ബാറിലെ അഭിഭാഷകർ മുൻപ് പത്രപ്രവർത്തകരെ നാലാം ലിംഗക്കാര്‍ എന്നു വിശേഷിപ്പിച്ചത്. അതു കേട്ട് പ്രിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയോ പ്രതിഷേധിക്കുകയോ ചെയ്യാതിരുന്നതും അതുകൊണ്ടു തന്നെയാണ്. കാരണം ജനാധിപത്യത്തിന്‍റെ മറ്റു മൂന്നു ലിംഗങ്ങള്‍ കഴിഞ്ഞാലേ നാലാമത്തെ ലിംഗം വരുന്നുള്ളൂ.

മുന്‍പറഞ്ഞ മൂന്നു തൂണുകള്‍ക്കും വളരെക്കൂടുതല്‍ അധികാരങ്ങളുണ്ട്. അവ മറ്റുള്ളവര്‍ക്കു മേല്‍ പ്രയോഗിക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍ ഈ മൂന്നു ലിംഗങ്ങള്‍ക്കുമുള്ള ഒരധികാരവും നാലാം ലിംഗ ക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. പക്ഷേ, മുന്‍പറഞ്ഞ മൂന്നു തൂണുകളില്‍ ഏതിലെങ്കിലും വല്ല വളവോ, ചരിവോ, ബലക്ഷയമോ, അസഹിഷ്ണതയോ, പ്രതിപത്തിയോ, പ്രീതിയോ, വിദ്വേഷമോ എന്തു തന്നെ കണ്ടെത്തിയാലും അവ ജനങ്ങളെ അറിയിക്കാനുള്ള കടമ മാധ്യമങ്ങള്‍ ക്കുണ്ട്. സന്തോഷിപ്പിക്കുന്നവയും ദുഃഖിപ്പിക്കുന്നവയും ആവശ്യമെങ്കില്‍ പരസ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്.

ജഡ്ജിയെയോ അഭിഭാഷകനെയോ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ അവരുടെ വിധിന്യായത്തിലും വാദപ്രതിവാദങ്ങളിലും അരുതായ്മകളുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നു സുപ്രീം കോടതിയുടെ തന്നെ റൂളിങ്ങുമുണ്ട്.

ഭരണഘടനയുടെ 19 ആം വകുപ്പ് അനുശാസിക്കുന്ന, സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള ഏതൊരു പൗരന്‍റെയും മൗലികാവകാശം മാത്രമാണ് ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിന്‍റെ കാതല്‍. ഒരു പൗരനു പോകാവുന്ന ലക്ഷ്മണ രേഖയ്ക്കപ്പുറത്തേക്കു പോകാന്‍ ഇതുവരെയും മാധ്യമങ്ങളെ അനുവദിച്ചിട്ടുമില്ല. ഭരണഘടനയുടെ 19 (1) എ ചട്ടങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രധാന നിയമം. അതനുസരിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ വിവരങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ 19(2) ചട്ടത്തിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കുകയും വേണം ഇത്തരം റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കേസ് ആയിരുന്നു അലഹബാദ് ഹൈക്കോടതി പരിഗണിച്ച സ്റ്റേറ്റ് ഒഫ് യുപി വെഴ്സസ് രാജ് നാരായണ്‍ കേസ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി, 1975 ജൂണ്‍ 12 നു ജസ്റ്റിസ് ജഗ് മോഹന്‍ ലാല്‍ സിന്‍ഹ നടത്തിയ വിധി പ്രസ്താവന ചരിത്ര സംഭവമാണ്.

രാജ്യത്ത് ആദ്യമായി അടിയന്തിരാവസ്ഥയ്ക്കു വഴിതുറന്ന ഈ വിധി വരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ, രാജ് നാരായണനെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കോടതിയിലെത്തിച്ചതാണു കേസ്. മേയ് 23 നു വാദം പൂര്‍ത്തിയാക്കിയെങ്കിലും ജൂണ്‍ 12 വരെ സ്വയം വല്‍മീകത്തിലൊളിച്ചിരുന്നാണു ജസ്റ്റിസ് സിന്‍ഹ അവസാന വിധി രേഖപ്പെടുത്തിയത്.

ജഡ്ജിയെ സ്വാധീനിക്കാനും സമ്മര്‍ദത്തിലാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നു. അന്തിമ വിധി തയാറാക്കാന്‍ സ്റ്റെനോഗ്രാഫറുടെ പോലും സഹായം തേടാതെ ഒറ്റയ്ക്കു കുറിച്ച വിധി വാചകങ്ങള്‍ വായിക്കാന്‍ കോടതിയിലെത്തുന്നതിനു മുന്‍പ് ജസ്റ്റിസ് സിന്‍ഹ കോടതി മുറിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

വിധി പറഞ്ഞശേഷം പൊലീസ് എസ്കോര്‍ട്ട് പോലുമില്ലാതെ ഔദ്യോഗിക വസതിയിലേക്കു മടങ്ങിയ അദ്ദേഹം ഒരിക്കല്‍പ്പോലും പിന്നീടു മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു മാധ്യമ പ്രവര്‍ത്തകനോടു പോലും സംസാരിച്ചതുമില്ല. അതിശക്തയായ പ്രധാനമന്ത്രിക്കെതിരേ വാദം കേട്ടു, വിധി പറഞ്ഞു, സ്വസ്ഥമായി വീട്ടില്‍പ്പോയി വിശ്രമിച്ചു. അതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പവര്‍. മസില്‍ പവറല്ല- ഇന്‍റലക്ച്വല്‍ പവര്‍; ദ് അള്‍ട്ടിമേറ്റ് ജുഡീഷ്യല്‍ പവര്‍.അതാണ്‌ ഇന്ത്യയിലെ മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടേയും ധർമ്മവും ചരിത്രവും.