ബുദ്ധനോ കാറൽ മാർക്സോ? മാർക്സിയൻ കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ തത്ത്വജ്ഞാനം എന്താണ് ?

ബുദ്ധനേയും കാറൽ മാർക്സിനെയും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ഒരു ഫലിതമായി പരിഗണിക്കപ്പെടാനിടയുണ്ട്. മാർക്സ് അത്രകണ്ട് അധുനാതനനും ബുദ്ധൻ അത്രകണ്ട് പ്രാചീനനുമാണല്ലോ അതിൽ അത്ഭുതപ്പെടേണ്ടതില്ല !

മാർക്സിയൻ കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ തത്ത്വജ്ഞാനം എന്താണ് ?കമ്യൂണീസ്റ്റു വിചാര സരണി ഉടലെടുത്തതു തന്നെ ലോകത്തിൽ ചൂഷണം ഉണ്ട് എന്നതിൽ നിന്നാണ് .ധനികർ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനു കാരണം അവർ സമ്പത്തു കൈയ്യടക്കി വച്ചിരിക്കുന്നതു കൊണ്ടാണ്. അവർ ജനസാമാന്യത്തെ അടിമയാക്കുന്നു . ഈ അടിമത്തമാണ് ഒടുവിൽ ദു:ഖത്തിനും ദാരിദ്ര്യത്തിനും ഹേതുവാകുന്നത്. ഇതാണ് മാർക്സിസത്തിന്റെ അടിസ്ഥാനം.

ഇവിടെ മാർക്സ് ‘ചൂഷണം ‘ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ചൂഷണം ഇല്ലാതാക്കാൻ മാർക്സ് എന്തെല്ലാം പദ്ധതികളാണു സൂചിപ്പിച്ചിട്ടുള്ളതെന്നു നോക്കാം .ചൂഷണം ചെയ്യപ്പെടുന്നവർഗത്തിന്റെ ദാരിദ്രവും ദു:ഖവും ഇല്ലാതാക്കാൻ സ്വകാര്യ സ്വത്ത് ഇല്ലാതാക്കന്നമെന്നാണ് മാർക്സ് പറയുന്നത്. വ്യക്തിപരമായി ആരും സ്വകാര്യ സ്വത്തിനുടമയാകരുത്.കാരണം, മാർക്സിന്റെ സാങ്കേതിക ഭാഷയിൽ പറയുകയാണെങ്കിൽ വേലക്കാരുടെയും തൊഴിലാളികളുടെയും പരിശ്രമ ശക്തിയിൽ നിന്ന് ഉത്പാദിപ്പിച്ച മിച്ചം സ്വയം ഏറ്റെടുക്കുകയോ വിഴുങ്ങുകയോ ചെയ്യുന്നവരാണ് സ്വകാര്യ സ്വത്തിന്റെ ഉടമകളാകുന്നത്.

തൊഴിലാളികൾ അവരുടെ വിയർപ്പു കൊണ്ട് ഉത്പാദനം വർധിപ്പിക്കുകയും മിച്ചമുണ്ടാക്കുകയും ചെയ്യുന്നു ഈ മിച്ചധനത്തിൽ തൊഴിലാളികൾക്ക് അവകാശമില്ല. ഇത് മുതലാളി കൈവശപ്പെടുത്തുന്നു. ഇവിടെ കാൾ മാർക്സ് ചോദിക്കുന്നു തൊഴിലാളികൾ അവരുടെ പരിശ്രമം കൊണ്ടുണ്ടാക്കിയ മിച്ച ധനത്തിൽ മുതലാളിക്ക് എന്തവകാശം? മുതലാളിക്ക് ഈ മിച്ചധനത്തിൽ അവകാശമുണ്ടാകരുത് എന്നതായിരുന്നു മാർക്സിന്റെ അഭിപ്രായം .രാജ്യത്തിന്റെ പൊതു സ്വത്തായിരിക്കണം ഈ മിച്ച ധനം. ആ രാജ്യം തൊഴിലാളികളുടേതായിരിക്കുകയും വേണം .

ഈ സങ്കല്പത്തിൽ നിന്നാണ് തൊഴിലാളി വർഗ സർവാധിപത്യം എന്ന ആശയം മാർക്സ് അവതരിപ്പിച്ചത്.മാർക്സ് ഉന്നയിച്ച സിദ്ധാന്തങ്ങളിൽ മൂന്നാമത്തേതാണിത് .തൊഴിലാളികളുടെ സ്വേച്ഛാധിപത്യം എന്നതുകൊണ്ട് മാർക്സ് അർത്ഥമാക്കുന്നത് ഭരണകൂടം ചൂഷിതരുടേതായിരിക്കരുത് അത് ചൂഷണം ചെയ്യപ്പെട്ടവരുടേതായിരിക്കണം. ഇതാണ് മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം.

ഇനി ഞാൻ കുറച്ചു നേരത്തേക്ക് ബൗദ്ധതത്ത്വജ്ഞാനത്തിലേക്കു തിരിയുകയാണ്. കാരണം കാൾ മാർക്സ് ഉന്നയിച്ചിട്ടുള്ള അടിസ്ഥാന വിചാരസരണിയെക്കുറിച്ച് ബുദ്ധൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു നോക്കേണ്ടത് ആവശ്യമാണ്‌. കാൾ മാർക്സിനെപ്പോലെ ബുദ്ധനം 2500 കൊല്ലങ്ങൾക്കു മുമ്പ്, അതായത് മാർക്സിന് എത്രയോ കാലം മുമ്പ് ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ലോകത്തിൽ ദു:ഖമുണ്ടെന്ന് ബുദ്ധൻ പറഞ്ഞു. ബുദ്ധൻ കാൾമാർക്സിനെപ്പോലെ ‘ചൂഷണം’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പക്ഷേ മനുഷ്യ ദു:ഖത്തിന്റെ സങ്കല്പം വച്ചു കൊണ്ടാണ് ബുദ്ധൻ സ്വന്തം തത്ത്വജ്ഞാനം നിർമ്മിച്ചത്. ലോകത്തിൽ ദു:ഖമുണ്ടെന്നത് സാമാന്യ സത്യമാണെന്ന് ബുദ്ധൻ പറഞ്ഞു .അങ്ങനെയാണെങ്കിൽ ബൗദ്ധ തത്ത്വജ്ഞാനത്തിന്റെ അടിസ്ഥാനവും മാർക്സിന്റെ തത്ത്വവും തമ്മിൽ വ്യത്യാസമില്ല .മാർക്സിന്റെ സിദ്ധാന്തം പുതിയതല്ല എന്നാണ് ഇതിനർത്ഥം.

അതു കൊണ്ട് ജീവിതത്തിന്റെ അടിസ്ഥാനം അന്വേഷിക്കുന്നതിൽ ബൗദ്ധർക്ക് മാർക്സിന്റെ വാതുക്കൽ ചെന്നു മുട്ടേണ്ട ആവശ്യമില്ല. ബുദ്ധൻ ആ അടിസ്ഥാനം എപ്പോഴേ ശക്തമാക്കി വച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ആദ്യ പ്രവചനത്തിന്റെ ഭാഗമാണ്. ബൗദ്ധ സാഹിത്യത്തിൽ ‘ധമ്മചക്രപ്രവർത്തനസൂക്തം ‘ എന്നറിയപ്പെടുന്നു. കാൾമാരക് സിന്റെ ചിന്തകൾ മനസ്സിൽ കടന്നു കൂടിയിട്ടുള്ളവർ ധമ്മചക്രപ്രവർത്തന സൂക്തം വായിച്ച് അതിൽ ബുദ്ധൻ എന്താണു പറഞ്ഞിട്ടുള്ളതെന്ന് മനസിലാക്കുക. ബുദ്ധൻ തന്റെ തത്ത്വജ്ഞാനത്തെയും മതത്തെയും കെട്ടിപ്പടുത്തത് ഈശ്വരൻ, ആത്മാവ്, തുടങ്ങിയ അറിയാൻ കഴിയാത്ത മനുഷ്യാതീത ശക്തികളെ ആധാരമാക്കിയില്ല. അദ്ദേഹം മനുഷ്യന്റെ യഥാർത്ഥ ജീവിതത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ടാണ് തന്റെ തത്ത്വജ്ഞാനമെല്ലാം വിശദീകരിച്ചത്.
മനുഷ്യൻ യാതനയും ദു:ഖവും കൊണ്ടു പീഡിതനാണ്. അതാണ് മാനവ ജീവിത യാഥാർത്ഥ്യം. മാർക്സ് മാത്രമല്ല ഇക്കാര്യം ചിന്തിച്ചിട്ടുള്ളത്. അദ്ദേഹം ജനിക്കുന്നതിനു 2000 വർഷം മുമ്പുതന്നെ ബുദ്ധൻ ഇക്കാര്യം അറിയുകയും അതിനു വേണ്ട സവിശേഷമായ ഉപായങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സ്വത്തിന്റെ കാര്യത്തിലും ബുദ്ധന്റെ തത്ത്വജ്ഞാനവും കാൾ മാർക്സിന്റെ തത്ത്വജ്ഞാനവും തമ്മിൽ അത്യധികം സാമ്യമുണ്ടെന്ന് നിങ്ങൾക്കു മനസിലാക്കാൻ കഴിയും. കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ കല്പന സ്വകാര്യ സ്വത്തു നിഷേധിക്കലാണെങ്കിൽ, സ്വകാര്യ സ്വത്തിനെ സംബന്ധിച്ച് ‘വിനയ പീഠത്തിൽ ‘ഭിക്ഷുക്കൾക്കു പറഞ്ഞിട്ടുള്ള അത്രയും കർശനമായ നിബന്ധനകൾ എവിടെയെങ്കിലും കാണുമോ ?

അതു കൊണ്ട് വ്യക്തിപരമായി സ്വത്തുണ്ടാക്കരുത് എന്ന കാര്യത്തിൽ ഇന്നത്തെ തലമുറയിലെ കമ്യൂണിസ്റ്റ് യുവാക്കൾക്ക് ആകർഷണം തോന്നുന്നുണ്ടെങ്കിൽ അവർ തീർച്ചയായും ബൗദ്ധ തത്വജ്ഞാനത്തിലെ വിനയ പീ0കം പരിശോധിക്കണം .അവർ അന്വേഷിക്കുന്നത് അതിൽ നിശ്ചയമായും കാണും!

ബുദ്ധ തത്ത്വജ്ഞാനവും മാർക്സിസത്തെയും താരതമ്യം ചെയ്തു പഠിച്ചപ്പോൾ മനസ്സിലായത് ലോകത്തിലെ വലിയ പ്രശ്നമായ ദുഃഖം നിവാരണം ചെയ്യാനുള്ള ഉപായത്തിന്റെ കാര്യത്തിൽ ബുദ്ധന്റ മാർഗ്ഗം സർവോത്തമവും സുരക്ഷിതവും ദൃഢതയുള്ളതുമാണെന്നാണ്. ബുദ്ധൻ ബോധോദയം നേടിയതുപോലെ അതിന്റെ നൂറിലൊരംശം നമ്മൾ നേടുകയാണെങ്കിൽ സ്നേഹത്തിലും നീതിയിലും നന്മയിലും അധിഷ്ഠിതമായ ആ പഴയ കാലം തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് എനിക്കുറപ്പാണ്.! 
—————————–
ഡോ: അംബേദ്കർ സമ്പൂർണ്ണ കൃതികൾ വാല്യം 7