നാല് വിമാനങ്ങള്‍ വ്യാഴാഴ്ച പ്രവാസികളുമായി കേരളത്തിലെത്തും

ഗള്‍ഫ് മേഖലയില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ മറ്റെന്നാള്‍ മുതല്‍ കേരളത്തിലേക്ക് എത്തും. മൂന്ന് രാജ്യങ്ങളില്‍ നിന്നായി നാല് വിമാനമാണ് ആദ്യ ദിനം എത്തുന്നത്. ഇതില്‍ രണ്ടെണ്ണം യു എ ഇയില്‍ നിന്നും സഊദി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനവുമാണ് എത്തുക. യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ നിന്നും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കൊച്ചിയിലാണ് എത്തുന്നത്. സഊദി തലസ്ഥാനമായ റിയാദില്‍ നിന്നും യു എ ഇയിലെ ദുബൈയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കോഴിക്കോടും ഇറങ്ങും. ഓരോ വിമാനത്തിലും 200 യാത്രക്കാരാണ് ഉണ്ടാകുക. സാമൂഹിക അകലം പാലിക്കേണ്ടതിനാനാണ് വിമാനത്തിലെ മുഴുവന്‍ സീറ്റിലും ആളെ കൊണ്ടുവരാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സര്‍വീസ് നടത്തും. ആഴ്ചകള്‍ എടുക്കുന്ന ആദ്യഘട്ടത്തില്‍ 64 വിമാനങ്ങളുണ്ടാകും. ഒമ്പത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.

രണ്ടാം ദിനമായ വെള്ളിയാഴ്ച മനാമയില്‍ നിന്നുള്ള പ്രവാസികളാണ് എത്തുക. ഇവര്‍ കൊച്ചിയില്‍ വിമാനം ഇറങ്ങും. മൂന്നാം ദിവസം കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും വിമാനം കൊച്ചിയിലെത്തും. നാലാം ദിവസം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും. അഞ്ചാം ദിനം ദമാമില്‍ നിന്ന് കൊച്ചിയിലേക്കും മനാമയില്‍ നിന്ന് കോഴിക്കോടേക്കും ദുബായില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങള്‍ എത്തിച്ചേരുക. ആറാമത്തെ ദിവസം ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കും ഏഴാം ദിവസം കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനം പുറപ്പെടും. ഇതിനിടെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മറ്റൊരു വിമാനവും എത്തും.
ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയില്‍ 84 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയില്‍ വിമാന മാര്‍ഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡല്‍ഹിയിലേക്കും 11 വിമാനങ്ങള്‍ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തില്‍ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതിനായി ആറ് വിമാനങ്ങള്‍ അമേരിക്കയിലേക്ക് അയക്കും.

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളില്‍ നിന്നാണ് വിമാനമാര്‍ഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. മൂന്ന് നാവിക സേന കപ്പലിലും ആദ്യ ആഴ്ച പ്രവാസികളെത്തുമെന്നാണ് റിപ്പോര്‍ട്ട്.