പ്രവാസികളെ ഏഴു ദിവസം ക്വാറന്റൈനിലാക്കും; ചെറിയ കുട്ടികള്‍ക്ക് വീട്ടില്‍ നിരീക്ഷണം

പ്രവാസികളെ എത്തിയാലുടന്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസമാണ് ഇവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. ഏഴാമത്തെ ദിവസം ഇവരെ പി സി ആര്‍ ടെസ്റ്റിന് വിധേയരാക്കും. ടെസ്റ്റില്‍ പോസിറ്റീവാണെന്നു കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവര്‍ വീടുകളില്‍ പോയി ക്വാറന്റൈനില്‍ തുടരണമെന്നും കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചെറിയ കുട്ടികളും വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. മറ്റു രോഗികളുടെ കാര്യത്തില്‍ കൃത്യമായ രോഗനിര്‍ണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനമായിരിക്കും സ്വീകരിക്കുക.

മടങ്ങിയെത്തുന്ന പ്രവാസികളെ പതിനാല് ദിവസം ക്വാറന്റൈന്‍ ചെയ്യണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, സംസ്ഥാനത്ത് ഇത് ഏഴ് ദിവസം മതിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ക്വാറന്റൈന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസ്ഥാനമാണ് നിര്‍വഹിക്കുകയെന്നും മുഖ്യമന്ത്രി ഇന്ന് കൂട്ടിച്ചേര്‍ത്തു.