കൊവിഡ് പോരാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: പ്രധാനമന്ത്രി

കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ അടക്കം വൈറസിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ സൂചന ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുവരുന്നതായും വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പ്രകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17ന് ശേഷം എന്ത് ചെയ്യണമന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തില്‍, സമ്മിശ്ര പ്രതികരണമാണ് വിവിധ മുഖ്യമന്ത്രിമാര്‍ പങ്കുവെച്ചത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇപ്പോള്‍ പുനരാരംഭിക്കുന്നത് അപകടം ചെയ്യുമെന്ന് മറ്റു ചിലര്‍ നിലപാടെടുത്തു.
കേരളം

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണം. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനും പൊതുഗതാഗതം അനുവദിക്കാനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.

ഓട്ടോറിക്ഷകള്‍ അനുവദിക്കണം, റെഡ്‌സോണില്‍ ഒഴികെ മെട്രോ സര്‍വീസ് അനുവദിക്കണം, പ്രവാസികളെ വിമാനത്തില്‍ കയറ്റും മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം, തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു. ഇടത്തരം, ചെറുകിട, മൈക്രോ എന്റർപ്രൈസസ് മേഖലയ്ക്കായി കേന്ദ്രം പാക്കേജ് അനുവദിക്കണമെന്നും കേരളം അഭ്യർഥിച്ചു.

തമിഴ്നാട്

മെയ് 31 വരെ സംസ്ഥാനത്ത് വിമാനങ്ങളും ട്രെയിനുകളും പുനരാരംഭിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ചു. ചെന്നൈയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് അപകടം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ്

കാര്‍ഷിക വിപണികള്‍ തുറക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. സ്വാഭാവികത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രസ്താവിച്ച അദ്ദേഹം, ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായവരെ സഹായിക്കാന്‍ വായ്പകളുടെ നിബന്ധനകള്‍ മയപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു.
പശ്ചിമബംഗാള്‍

കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്നടിച്ചുകൊണ്ടാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ സംസാരിച്ചത്. തന്റെ സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കാന്‍ കേന്ദ്രം കൊവിഡ് സാഹചര്യം ഉപയോഗപ്പടുത്തുകയാണെന്ന് അവര്‍ ആരോപിച്ചു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അട്ടിമറിക്കരുതെന്നും അവര്‍ പറഞ്ഞു.

തെലങ്കാന

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
ഛത്തീസ്ഗഡ്

സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകള്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബ്

ലോക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശമാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് ശ്രദ്ധാപൂര്‍വവും ജനങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കിയും ആണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അസം

ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി തുടരണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഇത് ലഘൂകരിക്കുന്നത് ആളുകൾക്ക് പകർച്ചവ്യാധിയെ നിസ്സാരമായി കാണാനിടയാക്കും. ആസാമിലേക്കുള്ള ഓരോ ട്രെയിൻ നീക്കങ്ങൾക്കിടയിലും കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇടവേള ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര

കൊറോണ വൈറസ് കേസുകള്‍ ഈ മാസവും ജൂണ്‍, ജൂലൈ മാസങ്ങളിലും കൂടുവാൻ ഇടയുണ്ടെന്നും അതിനാൽ ലോക്ഡൗൺ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതീവ ശ്രദ്ധയോടെ വേണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വുഹാനിൽ വെെറസ് വീണ്ടും വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകാരോഗ്യസംഘടന പോലും ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍ ആരംഭിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് മൂന്നിന് ആരംഭിച്ച യോഗം തുടരുകയാണ്.