ബോയ്‌സ് ലോക്കര്‍ റൂമും ചാറ്റിംഗ് നടത്തിയത് ആണ്‍കുട്ടിയെന്ന വ്യാജേനെ പെണ്‍കുട്ടി

വിദ്യാര്‍ത്ഥികളായ 17നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ സമൂഹ മാധ്യമ ഗ്രൂപ്പില്‍ നടന്ന ഞെട്ടിക്കുന്ന ലൈംഗിക ചര്‍ച്ചകളും ബോയ്‌സ് ലോക്കര്‍ റൂമും വന്‍ വിവാദം സൃഷ്ടിച്ചിരിക്കെ ഇങ്ങനെയൊരു ചാറ്റ് ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ തുടക്കമിട്ടത് ആണ്‍കുട്ടിയല്ല പെണ്‍കുട്ടിയാണെന്ന് കണ്ടെത്തല്‍. ഡല്‍ഹിയെ നടുക്കിയ ബോയ്സ് ലോക്കര്‍ റൂം ചാറ്റ് തന്റെ ആണ്‍കുട്ടിയായ സുഹൃത്തിന്റെ സ്വഭാവം അറിയാനായി പെണ്‍കുട്ടി വ്യാജ അക്കൗണ്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതെന്ന് കണ്ടെത്തിയിരിക്കുന്നത് ഡല്‍ഹി പോലീസിന്റെ അന്വേഷണ വിഭാഗമാണ്.

സിദ്ധാര്‍ഥ് എന്ന വ്യാജ പേരില്‍ പെണ്‍കുട്ടി ഒരു സ്നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചായിരുന്നു ചാറ്റ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു എന്ന പേരില്‍ പെണ്‍കുട്ടിക്കും അശ്ലീലചാറ്റിന്റെ പേരില്‍ ആണകുട്ടിക്കും എതിരേ കേസെടുക്കാന്‍ കഴിയുമെങ്കിലും പെണ്‍കുട്ടിയുടെ ഉദ്ദേശശുദ്ധി മാനിച്ചാണ് കേസ് ഫയല്‍ ചെയ്യാത്തത് എന്നാണ് പോലീസ് പറയുന്നത്. രണ്ടു പേര്‍ക്കും ബോയ്സ് ലോക്കര്‍ റൂം ഗ്രൂപ്പുമായി ബന്ധമില്ലെന്നും പൊലീസ് പറയുന്നു.
സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുളള ചര്‍ച്ച ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ആണകുട്ടി എന്ന വ്യാജേനെ ആണ്‍സുഹൃത്തുമായി ഒരു പെണ്‍കുട്ടിയെ എങ്ങിനെ ലൈംഗികമായി ചൂഷണം ചെയ്യാം എന്ന പദ്ധതിയാണ് പെണ്‍കുട്ടി മുമ്പോട്ട് വെച്ചത്. ഒരു പെണ്‍കുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാല്‍ ആണ്‍കുട്ടി എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നു ഈ സന്ദേശത്തിന്റെ ലക്ഷ്യം. എന്നാല്‍ ആണ്‍കുട്ടി ഈ കെണിയില്‍ വീണില്ല. ഇയാള്‍ ചാറ്റിങ് നിര്‍ത്തുകയും ചെയ്തു.
ആണ്‍ സുഹൃത്തി​ന്റെ സ്വഭാവം അറിയാനുള്ള ഈ നീക്കം പക്ഷേ കയ്യില്‍ നിന്നും പോയത് സംഭവം ആണ്‍കുട്ടി മറ്റു സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയും സ്ക്രീന്‍ഷോട്ട് കൈമാറുകയും ചെയ്തതോടെയാണ്. ആണ്‍കുട്ടി ഗ്രൂപ്പിലേക്ക് ഇട്ട സ്ക്രീന്‍ഷോട്ട് പെണ്‍കുട്ടിയുടെ വ്യാജ അക്കൗണ്ടിലും കിട്ടി. സ്ക്രീന്‍ ഷോട്ട് ലഭിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുക കൂടി ചെയ്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുകയും വന്‍ വിവാദം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ടതോടെ പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുക്കാതെ വിട്ടിരിക്കുകയാണ്.

അതേസമയം ചര്‍ച്ചയില്‍ സ്വന്തം ക്ലാസ്സിലെ തന്നെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പോലും പങ്കുവെയ്ക്കപ്പെടുകയും അതിന് വന്ന അശ്ലീല കമന്റുകളും ആശങ്കയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. നോയ്ഡയിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.