രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; മാര്‍ഗ രേഖ കേന്ദ്രം പുറത്തിറക്കി

കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്. നാലാം ഘട്ടത്തിലേക്ക് കടന്നതോടെ ലോക്ഡൗണ്‍ 68 ദിവസമായി നീളും. മാര്‍ച്ച് 25നാണ് രാജ്യത്ത് ആദ്യമായി ലോക്ഡൗണ്‍ ആരംഭിച്ചത്.

പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകളും ഉണ്ടായിരിക്കില്ല. 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിയറ്ററുകള്‍ , മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയും തുറക്കില്ല. പൊതുപരിപാടികള്‍ക്കുള്ള വിലക്കും തുടരും.

മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി വി വി. ശര്‍മ പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.

മാര്‍ഗരേഖയിലെ പ്രധാന തീരുമാനങ്ങള്‍

മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല

സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസപരിശീലന കേന്ദ്രങ്ങള്‍

പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍വിദൂര പഠനക്രമം തുടരും.

ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.

സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍,

ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍

രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.

65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

കണ്ടയിന്റ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു.

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം

എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്.

ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം