ജന്മദിനം ലോക്ക്ഡൗണിലും ഗോഡ്‌സെ ജയന്തി ആഘോഷിച്ച് ഹിന്ദു മഹാസഭ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച്‌കൊന്ന ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയുടെ 111-ാം ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഓഫീസില്‍വെച്ചാണ് ആഘോഷം നടന്നത്. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ ജയ്‌വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ ഗോഡ്‌സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ കത്തിച്ചായിരുന്നു ആഘോഷം. ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നെന്നും ഓഫീസില്‍ മാത്രമല്ല, 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷത്തില്‍ പങ്കാളികളാകുമെന്നും ദരദ്വാജ് അറിയിച്ചു.

സംഭവത്തില്‍ മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പി ഭരണമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായതെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് ശര്‍മ കുറ്റപ്പെടുത്തി. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുന്നതും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നതും ഫോട്ടോക്ക് മുന്നില്‍ വിളക്കുകള്‍ തെളിയിച്ചതും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥ് ട്വീറ്റ് പറഞ്ഞു.
സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളെന്ന് പ്രത്യേകം ഓര്‍ക്കണം. ഇത് ശിവരാജ് സിംഗ് സര്‍ക്കാറിന്റെ പരാജയമാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഗോഡ്‌സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടത് എന്ന് ബി ജെ പി സര്‍ക്കാര്‍ വ്യക്തമാക്കണണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.