സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. 73 വയസ്സുകാരിയായ ഇവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെയാണ് ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ നിന്ന് തിങ്കളാഴ്ച റോഡ് മാര്‍ഗമാണ് ഖദീജക്കുട്ടി കേരളത്തിലെത്തിയത്. ഇവരോടൊപ്പം എത്തിയ മകനും ആംബുലന്‍സ് ഡ്രൈവറും പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ മൂന്നു പേരും നിരീക്ഷണത്തിലാണ്.

മറ്റ് അസുഖങ്ങള്‍ക്ക് ആശുപത്രിയിലായിരുന്ന ഖദീജക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് ഖദീജക്കുട്ടി.