ഉം പുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ സന്ദര്‍ശിക്കാൻ പ്രധാന മന്ത്രി വെള്ളിയാഴ്ച ബംഗാളിലെത്തും

ഉം പുന്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ അദ്ദേഹം ചുഴലിക്കാറ്റ് ബാധിത മേഖലകള്‍ വീക്ഷിക്കും. സന്ദര്‍ശനാര്‍ഥം പ്രധാന മന്ത്രി വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തും. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം സംസ്ഥാനത്തിന് ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 പേര്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറ്റും പിഴുതെറിയപ്പെട്ടു. ആയിരക്കണക്കിനു പേരെയാണ് സംസ്ഥാനത്ത് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഒഡീഷയും പ്രധാന മന്ത്രി സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.https://www.youtube.com/watch?v=t4iwYQ1y39c&feature=emb_logo