സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്‌

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയ ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്നത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

കണ്ണൂര്‍- 12, കാസര്‍കോട്- 7, കോഴിക്കോട്, പാലക്കാട്- 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം- 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ വീതം തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. 17 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട്ടെ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.

ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ ചികിത്സയിലുണ്ട്. 84,258 പേര്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുമായി 83,649 പേരും ആശുപത്രികളില്‍ 609 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51,310 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 49,535 എണ്ണത്തില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 7,072 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,630 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട്- 26, കോഴിക്കോട്- 19, തൃശൂര്‍- 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. നിലവില്‍ 28 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീര്‍ഘിപ്പിച്ചു. ഇതുപ്രകാരം ഇന്നും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ നാളെയും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു. സമത്വത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. എന്നാല്‍, ലോകം മുഴുവന്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ റമസാനും പെരുന്നാളും വന്നത്. അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. വിഷമത്തോടെയാണെങ്കിലും പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കാന്‍ മുസ്‌ലിം സഹോദരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനീയമായ കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് ഗൗരവതരമായ സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 42 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ജാഗ്രതയും മുന്‍കരുതലും കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇനിയും കൂടുതല്‍ പേര്‍ വരും. ആരെയും തിരിച്ചയക്കില്ല. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്ന സ്ഥിതിയുമുണ്ടാകില്ല. എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. സംസ്ഥാനത്തേക്ക് വരുന്നവരില്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍ ഉണ്ടായേക്കാനുള്ള സ്ഥിതി മുന്നില്‍ക്കണ്ട് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോക്ക് ഡൗണിലെ ഇളവുകള്‍ മുതലെടുത്ത് ആരും ആഘോഷങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടരുതെന്നും കുട്ടികളെയും വയോധികരെയും കൂട്ടി പുറത്തിറങ്ങുന്നത് ഗുരുതര സ്ഥിതിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. നിയന്ത്രണങ്ങള്‍ എല്ലായിപ്പോഴും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനാകില്ല. നമുക്കു സുരക്ഷയൊരുക്കേണ്ടത് നാം തന്നെയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.