ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഇരുത്തി ഭക്ഷണ വിതരണം; കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

കോഴിക്കോട്ട് നിരവധിയാളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്ത ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.