സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച സര്‍വകക്ഷി യോഗം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. ബുധനാഴ്ച രാവിലെയാകും യോഗം നടക്കുക. നേരത്തെ പ്രതിപക്ഷം ഈ ഈവശ്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ഇതിനോട് അനുകൂല സമീപനമായിരുന്നു മുഖ്യമന്ത്രി കൈക്കൊണ്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്.

ഇതിന് മുന്നോടിയായി സംസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച നടക്കും. സംസ്ഥാനത്തെ എല്ലാ എം പിമാരേയും എം എല്‍ എമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തോട് വിയോജിപ്പുമായി വടകര എം പി കെ മുരളീധരന്‍ രംഗത്തെത്തി. എം എല്‍ എമാര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് മുരളീധരന്‍ അറിയിച്ചത്. എന്നാല്‍ മുരളീധരനെ യു ഡി എഫ് നേതൃത്വം തള്ളി. എല്ലാ യു ഡി എഫ് ജനപ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കുമെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു.