വിശപ്പ് സഹിക്കാതെ റോഡില്‍ ചത്ത് കിടന്ന നായയെ ഭക്ഷിച്ച് കുടിയേറ്റ തൊഴിലാളി

കൊവിഡ് 19 വൈറസ് പടരുന്നത് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഏറെ ദുരിതത്തിലാണ്. ജോലി ഇല്ലാത്തായതോടെ എങ്ങനെയും സ്വന്തം നാട്ടില്‍ എത്താനായി പുറപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്‍റെ വാര്‍ത്തകള്‍ നിരവധി പുറത്ത് വന്നു കഴിഞ്ഞു.

വിശപ്പും ദാഹവും സഹിച്ച് വീടെന്ന ലക്ഷ്യത്തിലേക്ക് നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. പ്രഥുമാന്‍ സിംഗ് നരൂക്ക എന്നയാളാണ് യുട്യൂബിലൂടെ ഈ വീഡിയോ പുറത്ത് എത്തിച്ചത്.
ജയ്പുരില്‍ നിന്ന് ദില്ലിയിലേക്ക് ദേശീയപാതയിലൂടെ പോകുമ്പോള്‍ ഷാഹ്പുരയിലാണ് പ്രഥുമാന്‍ ഞെട്ടുന്ന ആ കാഴ്ച കണ്ടത്. റോഡില്‍ വണ്ടിയിച്ച് ചത്ത ഒരു നായയെ ഒരാള്‍ ഭക്ഷിക്കുന്നതാണ് പ്രഥുമാന്‍ കണ്ടത്. ഉടന്‍ ഇയാളുടെ അടുത്തെത്തി ഭക്ഷണം വാങ്ങി നല്‍കിയെന്നും പ്രഥുമാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രഥുമാന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

വിശന്നിട്ട് റോഡില്‍ ഒരു നായയെ ഭക്ഷിക്കുന്ന തൊഴിലാളിയെ കണ്ടപ്പോള്‍ തന്‍റെ മനുഷ്യത്വം ലജ്ജിച്ചു പോയി. ഈ കാഴ്ച കണ്ടിട്ടും അദ്ദേഹത്തെ സഹായിക്കാതെ വണ്ടിനിര്‍ത്താതെ ഒരുപാട് പേര്‍ പോയി. അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കിയെന്നും പ്രഥുമാന്‍ കുറിച്ചു.