സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം മുഴുവന്‍ ഡാറ്റയും നശിപ്പിച്ചു എന്ന് സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയിൽ

കേരളത്തിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഇതുവരെ ശേഖരിച്ച എല്ലാ രേഖകളും സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം നശിപ്പിച്ചുവെന്ന് സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ച് സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രോഗികളെ കുറിച്ചുള്ള വിവരവും വിശകലനത്തിന് ശേഖരിച്ച രേഖയും ബാക്ക് അപ് ഡാറ്റയും നശിപ്പിച്ചെന്നും ഇവര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാ നശിപ്പിക്കാന്‍ സ്പ്രിംക്ലറിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

കൊവിഡ് രോഗികളുടെ വിവര വിശകലനത്തിനായി ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചുകളയണമെന്ന് ഏപ്രില്‍ 24 നുള്ള ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാക് അപ് ഡാറ്റയക്കമുള്ള കാര്യങ്ങളില്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി സ്പ്രിംക്ലര്‍ ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കി. സര്‍ക്കാറുമായാണ് കമ്പനിക്ക് കരാര്‍ എന്നും സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ ബാക് അപ് ഡാറ്റ നശിപ്പിക്കുന്നത് കരാര്‍ ലംഘനമാകുമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇതിനിടെയാണ് മെയ് 16ന് ബാക് അപ് ഡാറ്റ അടക്കം നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാറിന്റെ വിശദീകരണം ലഭിച്ച ഉടന്‍ എല്ലാം നശിപ്പിച്ച് സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.