സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ് പോസിറ്റിവ്; പത്തു പേര്‍ക്ക് രോഗവിമുക്തി

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച ഇതുവരെ 173 പ്രവാസികള്‍ മരിച്ചതായും അവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട്- 10, പാലക്കാട്- 8, ആലപ്പുഴ- 7, കൊല്ലം- 4, പത്തനംതിട്ട, വയനാട്- 3 വീതം, കോഴിക്കോട്, എറണാകുളം- രണ്ടു വീതം, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തി രിച്ചുള്ള കണക്ക്.

മഹാരാഷ്ട്ര- 16, തമിഴ്‌നാട്- 5, ഡല്‍ഹി- 3, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്- 1 വീതം എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. വിദേശത്തു നിന്ന് എത്തിയവര്‍ 9 പേരുണ്ട്. സമ്പര്‍ക്കത്തിലൂടെ മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം- 6, കാസര്‍കോട്- 2, ആലപ്പുഴ, വയനാട്- 1 വീതം ആണ് നെഗറ്റീവായത്.
സംസ്ഥാനത്ത് ഇതുവരെ 1004 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 445 പേര്‍ ചികിത്സയിലുണ്ട്. 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. 1,06,940 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ കേന്ദ്രങ്ങളിലോ 892 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 229 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 58,866 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 56,558 എണ്ണത്തില്‍ രോഗബാധയില്ലെന്നു വ്യക്തമായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 9,095 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8,541 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. പുതുതായി 13 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് (10), തിരുവനന്തപുരം (3) എന്നിങ്ങനെയാണിത്. നിലവില്‍ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

പ്രവാസികള്‍ അവരുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു. ഇതുമൂലം പാവപ്പെട്ടവര്‍ക്ക് യാതൊരു വിധ പ്രയാസങ്ങളും ഉണ്ടാകില്ല. ക്വാറന്റൈന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. സര്‍വകക്ഷി യോഗത്തിലും ഈ വിഷയം വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതിന്റെ ഭാഗമാണിത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരില്‍ നിന്ന് പണം ഈടാക്കില്ല. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന് മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരേണ്ട ഞായറാഴ്ചകള്‍ സംസ്ഥാനത്ത് ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം മാത്രമല്ല മഴക്കാലരോഗങ്ങള്‍ തടയുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഇക്കാര്യം സര്‍വകക്ഷി യോഗം അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച എല്ലാവരും വീടും പരിസരവും ശുചീകരിച്ച് രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഇല്ലാതാക്കണം. പൊതു സ്ഥലങ്ങളിലെ ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തു നടത്തണം.

രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതിനും ഇക്കാര്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും ശ്രമിക്കണമെന്ന അഭ്യര്‍ഥനയും സര്‍വകക്ഷി യോഗത്തില്‍ മുന്നോട്ടു വച്ചതായും എല്ലാ രാഷ്ട്രീയ കക്ഷികളും ഇത് അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.