സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രതി

ഉത്ര വധക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടതോടെ സൂരജ് പൊട്ടിക്കരഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോടും ബന്ധുക്കളോടും ആവര്‍ത്തിക്കുകയും ചെയ്തു.

സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയില്‍വെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു.
വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പോലീസ് അടൂരിലെ ബേങ്കില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായി സൂരജ് ബേങ്കില്‍ പോയത് സ്ഥിരീകരിക്കാനാണ് ബേങ്കില്‍ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

പാമ്പ് പിടിത്തക്കാരന്‍ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് സുരേഷ് പാമ്പിനെ നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി.കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പോലീസ് അംഗീകരിച്ചില്ല.