ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉരുണ്ടുകൂടിയ പശ്ചാത്തലത്തില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ മധ്യസ്ഥത ശ്രമം നടത്താന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വാഗ്ദാനം ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ വാഗ്ദാനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ട്രംപ് ഔദ്യോഗികമായി ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടോയെന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തേ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ആവര്‍ത്തിച്ച് സന്നദ്ധത അറിയിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.

സംഘര്‍ഷം ഉടലെടുത്ത അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സേനാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൈനികമായി തയ്യാറായിരിക്കാന്‍ ഉന്നതതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്നലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം.
നിയന്ത്രണ രേഖയില്‍ നിലവില്‍ തുടരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്കില്‍ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ സൈന്യം കണക്കുകൂട്ടുന്നത്.

അതേസമയം ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.