ഒമ്പത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവ്

ഒമ്പത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളില്‍ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ഇയാള്‍ ഒമ്പതാമത്തെ കേസിലാണ് ശിക്ഷിക്കപ്പെടുന്നത്.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തേവര സ്വദേശിയായ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന റിപ്പര്‍ സേവ്യറിനെ ശിക്ഷിച്ചത്. 2016 മാര്‍ച്ച് 9ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണന്‍ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുകയില്‍ 75,000 രൂപ ഉണ്ണികൃഷ്ണന്റെ ഭാര്യക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളം നോര്‍ത്ത് ഇ എസ് ഐ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഓലഷെഡ്ഡില്‍ വെച്ചായിരുന്നു റിപ്പര്‍ സേവ്യര്‍ ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയത്. സേവ്യറും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ശേഷം ഇരുവരും ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് സേവ്യര്‍ ഉണ്ണികൃഷ്ണന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. നെഞ്ചും വാരിയെല്ലും തകര്‍ന്ന ഉണ്ണികൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാഴ്ചക്കകം റിപ്പര്‍ സേവ്യറെ പോലീസ് പിടികൂടി. ഇതുള്‍പ്പെടെ 9 പേരെ കല്ലിനിടിച്ച് കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ റിപ്പര്‍ സേവ്യര്‍ വെളിപ്പെടുത്തിയിരുന്നു.
2007ല്‍ തൃക്കാക്കര മുനിസിപ്പല്‍ ഷോപ്പിങ് കോപ്ലക്‌സിന് മുന്നില്‍ 75 വയസുള്ള വയോധികന്‍, 2008ല്‍ കലക്ടറേറ്റിനു സമീപമുള്ള ചായക്കടയ്ക്ക് മുന്നില്‍ 40 വയസുകാരന്‍, കളമശേരിയില്‍ 70കാരനായ അബ്ദു ഖാദര്‍, വരാപ്പുഴ ചെറിയപള്ളിക്കു സമീപത്തുവച്ച് 72കാരന്‍ പ്രതാപചന്ദ്രന്‍, 2009ല്‍ ബ്രോഡ്‌വേയ്ക്കുസമീപം കടയരികില്‍വച്ച് തമിഴ്‌നാട് സ്വദേശി സന്താനം(60), മാര്‍ക്കറ്റ് റോഡില്‍വച്ച് തകര(60), 2014ല്‍ ആസാദ് റോഡില്‍ ചേരാതൃക്കോവിലിനു സമീപം പരമേശ്വരന്‍(70), 2015ല്‍ നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനു കീഴില്‍ തമിഴ്‌നാട് സ്വദേശി സെല്‍വം(28) എന്നിവരെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റസമ്മതം. പണം മോഷ്ടിക്കാനായിരുന്നു കൊലപാതകങ്ങളെന്നും സമ്മതിച്ചിരുന്നു.

2007 മുതല്‍ 2016 വരെയുള്ള ഒന്‍പത് വര്‍ഷത്തിനിടെയാണ് ഇയാള്‍ ഇത്രയും കൊലപാതകം നടത്തിയത്. ലഹരിക്ക് അടിമയായിരുന്ന സേവ്യര്‍ കഞ്ചാവും മയക്കുമരുന്നും ആംപ്യൂള്‍ ഗുളികകളും സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇതിനുള്ള പണം കണ്ടെത്താനായിരുന്നു കൊലപാതകങ്ങള്‍.

രാത്രി ഉറങ്ങി കിടന്നിരുന്നവരുടെ പോക്കറ്റും മറ്റും തപ്പി പണം എടുക്കുന്നതായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ഉണരുന്നവര്‍ ഇതു ചോദ്യം ചെയ്താല്‍ സ്ഥലം വിടുന്ന ഇയാള്‍ രാത്രിയോടെ തിരിച്ചെത്തി കല്ല് കൊണ്ട് തല്ക്ക് അടിച്ച് കൊലപ്പെടുത്തുകയാണ് പതിവ്.

ഉണ്ണിയുടെ കൊലയില്‍ പിടികൂടിയ ഇയാളെ മനശാസ്ത്രവിദഗ്ദ്ധന്റെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക പരമ്പരയുടെ വിവരങ്ങള്‍ പുറത്തു വന്നത്.