ലൈംഗിക പീഡനക്കേസ്: കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി വീണ്ടും അറസ്റ്റില്‍

പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കള്ള വാദത്തിലൂടെ ജാമ്യം നേടിയ പ്രതി അറസ്റ്റില്‍. സഫര്‍ഷാ എന്നയാളാണ് ഹൈക്കോടതി ഉത്തരവു പ്രകാരം അറസ്റ്റിലായത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത് സര്‍ക്കാര്‍ അഭിഭാഷകനും ശരിവച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് പറഞ്ഞത് തെറ്റാണെന്നും ശരിയായ വസ്തുത കോടതിയെ ധരിപ്പിക്കുന്നതില്‍ പിഴവുപറ്റി എന്നും കാണിച്ച് സര്‍ക്കാര്‍ ഹരജി നല്‍കിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഹരജി വീണ്ടും ഈമാസം മൂന്നിന് ബുധനാഴ്ച പരിഗണിക്കും.

മരട് സ്വദേശിയായ പെണ്‍കുട്ടിയെ, കവര്‍ന്ന കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ സി ഐ ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. കോടതി അത് സ്വീകരിക്കുകയും ചെയ്തു. കേസെടുത്ത് 83 ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയത് എന്നതിനാല്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍, 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ച സഫര്‍ ഷായുടെ അഭിഭാഷകന്‍ കോടതിയെ അറയിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ അഭിഭാഷകന്‍ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് സെക്ഷന്‍ 167 പ്രകാരം ഹൈക്കോടതി സഫര്‍ ഷാക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.