ഇന്ത്യ-ചൈന തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും; മൂന്നാംകക്ഷി വേണ്ട: രാജ്‌നാഥ് സിങ്

അതിര്‍ത്തി മേഖലയില്‍ ചൈനയുമായുള്ള തര്‍ക്കം നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ചര്‍ച്ചകള്‍ നടത്തും.

മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതൊക്കെ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതേ സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍മന്ത്രി വിസമ്മതിച്ചു.
ചൈനയെ ഇന്ത്യ ശത്രുവായല്ല അയല്‍ക്കാരനായാണ് കണക്കാക്കുന്നത്. ഇന്ത്യ ആരെയും ശത്രുവായി കരുതുന്നില്ല. പാകിസ്താനെപ്പോലും അയല്‍രാജ്യമായി മാത്രമാണ് നമ്മള്‍ കരുതുന്നത്. പക്ഷെ ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ ശക്തമായി പരിശ്രമിക്കാന്‍ നമുക്ക് അവകാശമുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഒരു മൂന്നാം കക്ഷി വേണ്ട. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മികച്ച സംവിധാനങ്ങളുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.