താത്കാലിക ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു; നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ് തുടങ്ങും: ഗതാഗത മന്ത്രി

കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ലോക്ക് ഡൗണിന് മുമ്പിലുള്ള നിരക്കായിരിക്കും ടിക്കറ്റിനായി ഈടാക്കുക. മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണ്. നാളെ മുതല്‍ കെ എസ് ആര്‍ ടി സി അന്തര്‍ ജില്ല സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസാണ് നടത്തുക. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്‌. ആദ്യഘട്ടത്തിൽ ജില്ലയ്ക്കകത്തുള്ള സർവീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ അന്തർജില്ലാ സർവീസ് നാളെ മുതൽ ആരംഭിക്കും. അടുത്തഘട്ടത്തിൽ ദീർഘദൂര സർവീസുകൾ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ അഞ്ച് മണിമുതൽ രാത്രി 9 മണി വരെയാവും ബസ് സർവീസ് നടത്തുക. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാമുൻകരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസർ കരുതണം. കണ്ടെയിൻമെന്റ് സോണുകളിൽ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളിൽ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ല. മൂന്ന് മാസത്തേക്ക് റോഡ് ടാക്സിൽ നല്‍കിയ ഇളവ് ജൂൺ 30 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അന്തര്‍ ജില്ലകളിലേക്കുള്ള സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഇന്ന് സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കെ എസ് ആര്‍ ടി സി നാളത്തേക്ക് മാറ്റിയത്.