കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: സി സി ടി വി ദൃശ്യം ലഭിച്ചു; സംഭവത്തിന് പിന്നിൽ മോഷണമെന്ന് സൂചന

കോട്ടയത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളുടെ സി സി ടി വി ദൃശ്യം ലഭിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് പിന്നിൽ മോഷണമെന്നാണ് സാഹചര്യ തെളിവുകൾ നൽകുന്ന സൂചന. ഷീബയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുന്ന ദൃശ്യമാണ് ലഭിച്ചത്. സി സി ടി വിയിൽ പതിഞ്ഞ ദൃശ്യത്തിൽ കുമരകം ഭാഗത്തേക്ക് പോയ കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പോലീസ് ഭാഷ്യം. കാർ സംസ്ഥാനം വിട്ടുപോകാതിരിക്കാൻ ചെക്ക്‌പോസ്റ്റുകളിൽ ഇന്നലെ തന്നെ വിവരം നൽകിയിരുന്നു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കാറിന്റെ നമ്പറും മെസേജ് ചെയ്തിരുന്നു.

ഇന്നലെ രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വിവരം പുറംലോകം അറിഞ്ഞത് വൈകീട്ട് അഞ്ചോടെയാണ്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിഖിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാലിഖിന്റെ (60) നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ ഇയാളെ ഓപറേഷന് വിധേയമാക്കും. കോട്ടയം വെസ്റ്റ് സി ഐ. എം ജെ അരുൺ രാവിലെ ആശുപത്രിയിലെത്തി ഷീബയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദമ്പതികളുടെ കൈകാലുകൾ ഇരുമ്പുകമ്പികൊണ്ട് കെട്ടിയിരുന്നു. ഷോക്ക് ഏൽപ്പിച്ചിരുന്നോയെന്ന കാര്യം പോസ്റ്റ്‌മോർട്ടത്തിനുശേഷമേ അറിയാൻ സാധിക്കുകയുള്ളുവെന്ന് ഡി വൈ എസ് പി. ആർ ശ്രീകുമാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഇന്നലെ തന്നെ കൊലപാതകം നടന്ന വീട്ടിൽ എത്തിയിരുന്നെങ്കിലും വെളിച്ചക്കുറവ് മൂലം തെളിവുകൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും പരിശോധന ആരംഭിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയേറ്റാണ് ഷീബ മരിച്ചതെന്ന് വ്യക്തമാണ്. ഇതേ ആയുധം കൊണ്ടാവാം സാലിഖിന്റെ തലക്കും അടിച്ചതെന്ന് കരുതുന്നു. ശക്തമായ ആക്രമണമാണ് നടന്നിട്ടുള്ളത്. ഇരുവരെയും കത്തിക്കാൻ പ്ലാനിട്ടിരുന്നതായിട്ടാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്. ഗ്യാസ് സിലിണ്ടർ തുറന്നിട്ടിരുന്നു. വാടകവീട് അന്വേഷിച്ച് എത്തിയവരാണ് വീട്ടിൽ നിന്ന് ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാരോട് വിവരം പറഞ്ഞത്. വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നത് സംശയത്തിനിടയാക്കി. വീടുമായി ബന്ധമുള്ളവരാവാം കൊലപാതകത്തിന് പിറകിലെന്നാണ് കരുതുന്നത്.