കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി; ഇന്ന് 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും കൂടിയ നിരക്കാണിത്. മലപ്പുറം-15, ആലപ്പുഴ- 10, കാസര്‍കോട്- 9, കൊല്ലം- 8, തിരുവനന്തപുരം- 7, കോട്ടയം, തൃശൂര്‍, വയനാട്- 6 പേര്‍ക്ക് വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍- 5 പേര്‍ വീതം, എറണാകുളം- 3, പത്തനംതിട്ട- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 46 പേര്‍ വിദേശത്തു നിന്നും (കുവൈത്ത്- 21, യു എ ഇ- 16, സഊദി അറേബ്യ- 6, മാലിദ്വീപ്- 1, ഖത്വര്‍- 1, ഒമാന്‍- 1), 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര- 9, തമിഴ്നാട്- 7, കര്‍ണാടക- 5, ഡല്‍ഹി- 3, ഗുജറാത്ത്- 1, രാജസ്ഥാന്‍- 1) നിന്നും വന്നവരാണ്.

12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം ബാധിച്ചു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ച നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ ജി വര്‍ഗീസിന് (77) കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 774 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 627 പേര്‍ രോഗമുക്തി നേടി.

വിമാനത്താവളം വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ, 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്പോട്ട്. നിലവില്‍ 122 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.