ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണം ഏറെ ദു:ഖകരമെന്ന് മുഖ്യമന്ത്രി

മലപ്പുറം ഇരുമ്പളിയം ഗവ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണം ഏറെ ദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്. മരണം സംഭവിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. പ്രഥമിക അന്വേഷണത്തില്‍ സ്‌കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ടിവി സൗകര്യങ്ങളില്ല എന്നു കണ്ടെത്തിയിരുന്നു.

ദേവികയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുമ്പളിയം എജ്യൂക്കേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വെച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും കുട്ടികളുടെ പ്രായസങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മ പരിപാടി തയ്യാറാക്കിയിരുന്നു. സ്‌കൂള്‍ പിടിഎയും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ടിവി സൗകര്യം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.