സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റിവ്; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗബാധിതരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം വന്നത്. 24 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5, കൊല്ലം 5, തൃശൂര്‍ 4 കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 6, കോഴിക്കോട് 5, കാസര്‍കോട് 4, കോട്ടയം 3, കൊല്ലം 2, കണ്ണൂര്‍ 2, തൃശൂര്‍ 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് . മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 832 പേര്‍ ചികില്‍സയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേര്‍ ആശുപത്രികളില്‍. ക്വാറന്റീനില്‍ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായി ക്ലാസ് എടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേല്‍നോട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ കേന്ദ്രമൊരുക്കും. സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ ടി വി , കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഈ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് വരെയുള്ള താത്കാലിക പഠന സൗകര്യം മാത്രമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരു മഹാമാരിയെ നേരിടുന്ന നാട് എത്ര നാളുകൊണ്ടാണ് പൂര്‍വ്വ സ്ഥിതിയിലാകുക എന്ന് പറയാനികില്ല. പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് അതിന് അവസരം വന്നാല്‍ അപ്പോള്‍ തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത് സ്‌കൂള്‍ പഠനത്തിന് സമാന്തരമോ ബദലോ അല്ല എന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇത്തരം ഒരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചക്കും അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍കൊള്ളാതെ ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് വീണ്ടും കാണാവുന്ന തരത്തില്‍ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കും. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ നഷ്ടമാകാതെ അധ്യായനം നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.