സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് വൈകിട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി അറിയിക്കും.

ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് ഉണ്ടായ അപകാതകള്‍ പരിഹരിക്കും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാന്‍ വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.