‘ഇന്ത്യ’യുടെ പേര് ‘ഭാരതം’ എന്നാക്കാൻ നൽകിയ ഹരജി സുപ്രീം കോടതി തള്ളി

രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഡല്‍ഹി നിവാസിയായ നമ എന്നയാളാണ് ഹരജി നല്‍കിയത്.ഇത്തരത്തില്‍ പേര് മാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൊളോണിയല്‍ ഭരണത്തിന്റെ ഹാങ്ഓവര്‍ മാറാത്തത് കൊണ്ടാണ് ഇന്ത്യ എന്ന പേര് നില നിര്‍ത്തുന്നതെന്നും പേര് മാറ്റാന്‍ അനുയോജ്യമായ സമയം ഇതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തില്‍ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കില്ല. ഭരണഘടനയില്‍ ഇന്ത്യയെ ഭാരതം എന്നും വിളിക്കുന്നുണ്ടെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പരാമര്‍ശിച്ച് ബോബ്‌ഡെ വ്യക്തമാക്കി.

2014 ല്‍ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയില്‍ കൊണ്ടുവന്നിട്ടുണ്ട്.