പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ രണ്ടു വാര്‍ഡുകള്‍ അടച്ചു ; ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനിൽ

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് രണ്ടു വാര്‍ഡുകള്‍ അടച്ചു. ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനിലേക്ക് പോയി. ആശുപത്രി ജീവനക്കാരുടെ സ്രവവും പരിശോധനയ്ക്ക് അയയ്ക്കും. കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍ കെ ജി വര്‍ഗ്ഗീസിന് എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയിലാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ മരിച്ച് മണിക്കൂറുകള്‍ക്കകമാണ് വൈദികന്റെ കോവിഡ് പരിശോധന പോസീറ്റീവാണെന്ന് കണ്ടെത്തിയത്. കോവിഡ് ബാധിച്ച് സംസ്ഥാനത്തെ 11-ാം മരണമായിരുന്നു ഇത്. ശ്വാസതടസ്സം മൂലം വൈദികനെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം കണ്ടെത്തിയതോടെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചതും. ഫലം എത്തും മുമ്പ് വൈദികന്‍ മരിക്കുകയും ചെയ്തു.

പേരൂര്‍ക്കട ആശുപത്രിയില്‍ കിടക്കുമ്പോള്‍ വൈദികനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകര്‍ എത്തിയിരുന്നു. രോഗിയുടെ സമ്പര്‍ക്കപട്ടികയും ഉണ്ടാക്കുക വെല്ലുവിളിയാണ്. വൈദികന്റെ ബന്ധുക്കളും നിരീക്ഷണത്തിലാണ്.
വാഹനാപകടത്തില്‍ തലയ്‌ക്കേറ്റ പരുക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ െവെദികന്‍ ഡിസ്ചാര്‍ജ് ചെയ്ത് 12-ാം ദിവസമാണ് മരിച്ചത്. ഏപ്രില്‍ 20-ന് ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍നിന്നു വീണായിരുന്നു അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറിക്കു ശേഷം മേയ് 20-നു ഡിസ്ചാര്‍ജ് ചെയ്തു. പിന്നീടു ശ്വാസതടസം അനുഭവപ്പെട്ടതോടെ ആദ്യം പേരൂര്‍ക്കട ഗവ. ആശുപത്രിയിലും 31-ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ചെന്നു കണ്ടെത്തിയതോടെ കോവിഡ് കെയര്‍ സെന്ററിലാക്കിയതിനു ശേഷം എടുത്ത സാമ്പിളിന്റെ പരിശോധനാഫലമാണ് ഇന്നലെ മരണശേഷം ലഭിച്ചത്. ഇന്നലെ മാത്രം 86 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന വര്‍ധനയായിരുന്നു ഇത്. 774 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.https://www.youtube.com/watch?v=t4iwYQ1y39c&feature=emb_logo