സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ മീനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്‌നാസും സേവ്യറും രണ്ട് ദിവസം മുമ്പും. മരണത്തിനു ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. സേവ്യറിനെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രണ്ടു തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 14 പേരാണ് ആകെ മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. ഇതര സംസ്ഥാനക്കാര്‍ 37 ആണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. മഹാരാഷ്ട്ര- 23, തമിഴ്‌നാട്- 8, ഡല്‍ഹി- 3, ഗുജറാത്ത്- 2, രാജസ്ഥാന്‍- 1 എന്നിങ്ങനെയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. പത്തനംതിട്ട- 14, കാസര്‍കോട്- 12, കൊല്ലം- 11, കോഴിക്കോട്- 10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട്- 7, കണ്ണൂര്‍- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂര്‍- 4, എറണാകുളം, വയനാട്- 2 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 39 പേര്‍ രോഗമുക്തരായി. പാലക്കാട്- 13, മലപ്പുറം- 8, കണ്ണൂര്‍- 7, കോഴിക്കോട്- 5, തൃശൂര്‍, വയനാട്- 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട- 1 വീതം എന്നിങ്ങനെയാണ് രോഗമുക്തരായത്. ഇതുവരെ 1588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 884 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 3787 സാമ്പിളുകള്‍ പരിശോധിച്ചു. 1,70,065 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,68,578 പേരും ആശുപത്രിയില്‍ 1487 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 72,139 എണ്ണത്തില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 18,146 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,264 എണ്ണം നെഗറ്റീവാണ്. 124 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.