കണിയാപുരം കൂട്ടബലാത്സഗ കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ 24കാരിയുടെ ഭര്‍ത്താവിനെ കൂടാതെ ആറ് പേര്‍ കൂടിയാണ് പിടിയിലായത്. ഭര്‍ത്താവ് അന്‍സിലിനെ (29) കഠിനംകുളം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. യുവതി ചികിത്സ തേടിയ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി.

ഭര്‍ത്താവ് ബലം പ്രയോഗിച്ച് മദ്യം കുടുപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് പുറത്തേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. ബോധം മറയുന്നതുവരെ മര്‍ദിച്ചു. ബോധം തെളിഞ്ഞപ്പോള്‍ തന്റെ വസ്ത്രം നീക്കപ്പെട്ടിരുന്നുവെന്നും പീഡിനത്തിന് ഇരയായെന്നും യുവതി മൊഴി നല്‍കി. തന്റെ കൂടെയുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനേയും മര്‍ദിച്ചതായും യുവതി മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും മര്‍ദനത്തിനും പുറമെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അഞ്ച് വയസുകാരന് മുമ്പില്‍ വെച്ച് മാതാവിനെ പീഡിപ്പിച്ചതിനാണ് പോക്‌സോ കേസെടുക്കുന്നതെന്നും പോലീസ് പറഞ്ഞു.
പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു യുവതിയെ ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ബീച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ച് വയസ്സുകാരനായ മകനും കൂടെയുണ്ടായിരുന്നു. പിന്നീട് ബീച്ചിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. അവിടെ വെച്ച് യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് പുറത്തിറങ്ങി പോയി. ഇതിനിടെ ഒരു സുഹൃത്ത് വെള്ളമെടുക്കാനായി അകത്ത് എത്തിയപ്പോള്‍ കയറി പിടിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഇയാള്‍ മര്‍ദിച്ചു. ഇതിനിടെ കുട്ടിയേയും കൂട്ടി പുറത്തിറങ്ങി ഓടിയ യുവതിയെ വഴിയില്‍ നില്‍ക്കുകയായിരുന്ന മറ്റ് പ്രതികളെല്ലാവരും ചേര്‍ന്ന് തടഞ്ഞു. ഒരു വാഹനത്തില്‍ ബലം പ്രയോഗിച്ച് കയറ്റി സമീപത്തെ ഒരു കാട്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും ബലാത്സഗം ചെയ്യുകയും ചെയ്തതായാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്.

തന്റെ മകനെ മര്‍ദിക്കുന്നത് കണ്ടാണ് ബോധം ഉണര്‍ന്നതെന്നും യുവതി പറഞ്ഞു. പിന്നീട് മകനേയുംകൂട്ടി ഇവിടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളിലൊരാളുടെ ബന്ധു പിന്നീട് വീട്ടിലെത്തി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.