ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്തു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ 24കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് അന്‍സിലിനെ(29) കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. അവശ നിലയിലായ യുവതിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അടക്കം ആറ് പേരടങ്ങുന്ന സംഘമാണ് കൂട്ടബലാസംഘം നടത്തിയത്.

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു യുവതി. ഇവിടെ നിന്നും ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തുകയുമായിരുന്നു. അവിടെ വെച്ച് യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയായിരുന്നു പിഡനം.
ബലാത്സംഗത്തിന് വിധേയയായ യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് രാത്രി പത്ത് മണിയോടെ റോഡിലെത്തുകയും നാട്ടുകാര്‍ വാഹനത്തില്‍ കയറ്റി കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.